ഖത്തറിൽ ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണയോട്ടം തുടങ്ങിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ടമായാണ് പരീക്ഷണം. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാതെയാണ് പരീക്ഷണയോട്ടം നടക്കുന്നത്.രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാതെ യാത്രക്കാർ മാത്രമായി പൂർണ്ണതോതിലുള്ള പരീക്ഷണ ഓട്ടവും നടക്കും. ഈ പരീക്ഷണങ്ങൾ അടുത്ത വർഷം ആദ്യ പാദംവരെ തുടരും.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് കർവയുടെ ഓട്ടോണമസ് ഇലക്ട്രിക് ടാക്സികൾ പരീക്ഷണയോട്ടം നടത്തുന്നത്. ഓട്ടോണമസ് ടാക്സി സർവീസ് നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തുകയാണ് ഈ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം.
പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ടാക്സികളിൽ സുരക്ഷ ഉറപ്പാക്കാൻ ആറ് ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ യൂണിറ്റുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.