കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതയിലും ജോലി പദവിയിലും മാറ്റം അനുവദിച്ചിരുന്ന സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇതോടെ, ബിരുദം പരിഷ്‌കരിക്കാനോ ജോലി തസ്തിക മാറ്റാനോ ഇനി അപേക്ഷിക്കാൻ കഴിയില്ല. തൊഴിലിടങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് നടപടി. വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിച്ചവർക്കും മറ്റ് മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറിയവർക്കുമാണ് പുതിയ വിലക്ക് ബാധകമാകുക. ഇതിന്റെ ഭാഗമായി പ്രാരംഭ ജോലിയുമായി പൊരുത്തപ്പെടാത്ത ഉയർന്ന യോഗ്യതയിലേക്കുള്ള അപ്ഗ്രേഡുകൾ ഇനി മുതൽ അനുവദിക്കില്ല.
ജോലി തസ്തികകളിൽ യോഗ്യത പൊരുത്തക്കേടുള്ളവയുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതാണെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സർക്കുലറിൽ അറിയിച്ചു.യോഗ്യതകളെ അടിസ്ഥാനമാക്കിയായിരിക്കണം തൊഴിൽ നിയമനങ്ങൾ. തൊഴിൽ വിഭാഗങ്ങളും യോഗ്യതകളും സംബന്ധിച്ച പുതിയ ദേശീയ ഗൈഡ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തയാറാക്കും. പുതിയ നയം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും. പ്രവാസികളും തൊഴിലുടമകളും നിലവിലെ പെർമിറ്റുകൾ ജോലി സ്വഭാവവുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കണം. കൂടുതൽ അറിയിപ്പുകൾ ലഭിക്കുന്നതുവരെ മാറ്റങ്ങൾക്കായുള്ള അപേക്ഷകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

