രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങളിൽ വൻ കുറവ്. പിഴയും ശിക്ഷയും കർശനമാക്കിയതോടെ വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാൻ തുടങ്ങിയതോടെയാണ് ലംഘനങ്ങളിൽ കുറവുവന്നത്. ഇത് ഡ്രൈവർമാർക്കിടയിൽ കൂടുതൽ സുരക്ഷ അവബോധം സൃഷ്ടിക്കപ്പെട്ടതിന്റെ തെളിവാണെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
നിയമം നടപ്പിലാക്കി ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘനങ്ങൾ 72 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഏപ്രിൽ 22 മുതൽ 28 വരെയുള്ള കാലയളവിൽ 6,342 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ഇത് 22,651 ആയിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഇത് മുൻ ആഴ്ചയിൽ നിന്ന് 71 ശതമാനം കുറഞ്ഞു. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം 86 ശതമാനവും കുറഞ്ഞു.
റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനമോടിക്കുന്നതിലും പുതിയ നിയമങ്ങൾ നിലവിൽ വന്നതിനുശേഷം മാറ്റമുണ്ടായി. ഇത്തരം നടപടികൾ 89 ശതമാനം കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ മാസം 22നാണ് രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പാക്കിയത്. 48 വർഷം പഴക്കമുള്ള ഗതാഗത നിയമമാണ് കർശന നിയന്ത്രണങ്ങളും പിഴയും ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്. പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
റെഡ് സിഗ്‌നൽ മറികടന്നാലും അശ്രദ്ധമായി വാഹനമോടിച്ചാലും അനധികൃത പാർക്കിംഗ് സ്ഥലങ്ങൾ ഉപയോഗിച്ചാലും നിലവിൽ 150 ദീനാർ പിഴയടക്കണം. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദീനാർ ആണ് പിഴ. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 30 ദീനാറും ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 3,000 ദീനാർ പിഴ രണ്ട് വർഷം തടവും അനുഭവിക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

