കുവൈത്തിൽ താപനില 50 ഡിഗ്രിയിൽ, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചൂട് മൂലമുള്ള ശാരീരിക ആയാസം, സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. ചില കാലാവസ്ഥാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകട സാധ്യതകൾ തടയുന്നതിന് പൊതുജന അവബോധം വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന താപനിലയിലെ ഗണ്യമായ വർധനയിൽ ജാഗ്രത വേണം.

താപനില വർധിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഹീറ്റ് സ്‌ട്രെസ് എന്നും, ദ്രാവകങ്ങളുടെയും ലവണങ്ങളുടെയും നഷ്ടം മൂലം ഇത് പൊതുവായ ക്ഷീണവും തലകറക്കവുമായി പ്രകടമാകുന്നു എന്നും മന്ത്രാലയം വിശദീകരിച്ചു. ശരീര താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വർധന മൂലമുണ്ടാകുന്ന ഒരു അടിയന്തര സാഹചര്യമാണ് സൂര്യാഘാതം എന്നും ഇത് ബോധക്ഷയത്തിലേക്ക് നയിച്ചേക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ദ്രാവകങ്ങൾ കുറയുമ്പോൾ നിർജ്ജലീകരണം തലവേദന, ക്ഷീണം, വരണ്ട തൊണ്ട എന്നിവയ്ക്കും കാരണമാകുമെന്നും പ്രത്യേകിച്ച് പ്രായമായവരിലും രോഗികളിലും രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് കുറവുണ്ടാകുന്നതിനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ചൂട് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് ചിലരിൽ ക്ഷീണവും അലസതയും അനുഭവപ്പെടുന്നത് അമിതമായ ചൂട്, നിർജ്ജലീകരണം, ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ എന്നിവയുടെ നേരിട്ടുള്ള ഫലമായിരിക്കാമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

Leave a Reply