ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽനിന്ന് ഉൽപന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സംഘടിത കുറ്റകൃത്യ നിരീക്ഷണ മേധാവി മേജർ ഫാത്തിമ അൽ ദോസരിയാണ് ഓൺലൈൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അബായപോലുള്ള ഉൽപന്നങ്ങൾക്കും പൂളുകൾ, അവധിക്കാല യാത്രകൾ തുടങ്ങിയ സേവനങ്ങൾക്കും വ്യാജ ഓൺലൈൻ പരസ്യങ്ങൾ വർധിച്ചിട്ടുണ്ടെന്ന് മേജർ അൽ ദോസരി പറഞ്ഞു. ഇത്തരം പരസ്യങ്ങൾ ഒന്നുകിൽ ബാങ്ക് വിവരങ്ങൾ മോഷ്ടിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുകയോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പിലൂടെ പണം തട്ടിയെടുത്ത് അപ്രത്യക്ഷമാവുകയോ ചെയ്യും. വാങ്ങുന്ന ഉൽപന്നം നിയമാനുസൃതമായ ഒരു കച്ചവടസ്ഥാപനത്തിൽ നിന്നാണെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്. ഈദ് അവധിക്കാലത്തും വേനൽക്കാല അവധി അടുത്തുവരുന്നതിനാലും യാത്രാ തട്ടിപ്പുകളിൽ വർധനയുണ്ടാകുമെന്ന് മേജർ അൽ ദോസരി ചൂണ്ടിക്കാട്ടി. ട്രാവൽ ഏജന്റുമാരായി വേഷംമാറി തട്ടിപ്പുകാർ ആകർഷകമായ ഡീലുകൾ വാഗ്ദാനം ചെയ്യും. ഇരകൾ വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രമാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ടൂർ പാക്കേജ് എന്ന രീതിയിൽ രാജ്യത്ത് ഒരു തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. നിരവധി പേരാണ് ആ തട്ടിപ്പിനിരയായത്.
വേനൽച്ചൂട് കൂടുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് ഈദ് അവധിക്കാലത്ത്, നീന്തൽക്കുളങ്ങൾ ബുക്ക് ചെയ്യുന്നത് ബഹ്‌റൈൻ സ്വദേശികൾക്കിടയിൽ ഒരു ജനപ്രിയ വിനോദമാണ്. ഇത് മുതലെടുത്ത്, തട്ടിപ്പുകാർ ഇന്റർനെറ്റിൽനിന്ന് ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നൽകുകയും മുൻകൂറായി പണം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്.ഈദുൽ അദ്ഹ ബലിക്കായി കന്നുകാലികളെ വാങ്ങുന്നവരും ശ്രദ്ധിക്കണം. ‘നല്ല വിലയ്ക്ക്’ കന്നുകാലികൾ ഉണ്ടെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ നടത്തുന്ന തട്ടിപ്പുകാർ മുൻകൂറായി പണം ആവശ്യപ്പെടുകയും പിന്നീട് കന്നുകാലികളെ നൽകാതെ പണം തട്ടിയെടുക്കുകയും ചെയ്യും. അംഗീകാരമുള്ള ഉറവിടങ്ങളിൽനിന്ന് മാത്രം കന്നുകാലികളെ വാങ്ങാൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
ഓൺലൈൻ ഷോപ്പിങ്; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
. ഉൽപന്നത്തെയും പരസ്യം ചെയ്യുന്നവരെയും കുറിച്ച് കൃത്യമായി അന്വേഷിക്കുക. വില അവിശ്വസനീയമാംവിധം കുറവാണെങ്കിൽ, അത് ഒരു തട്ടിപ്പാകാൻ സാധ്യതയുണ്ട്.
. വിൽക്കുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് അസാധാരണമായ എന്തെങ്കിലും ഉണ്ടോയെന്ന് ഉറപ്പുവരുത്തുക.
.അവരുടെ വാണിജ്യ രജിസ്‌ട്രേഷൻ (സി.ആർ) പരിശോധിച്ച് അംഗീകൃത ബിസിനസാണോ എന്ന് ഉറപ്പുവരുത്തുക.
. സാധ്യമെങ്കിൽ, ഉൽപന്നം ലഭിക്കുമ്പോൾ മാത്രം പണം നൽകുക
.തട്ടിപ്പുകൾക്ക് ഇരയായവർ 992 എന്ന സൈബർ ക്രൈം ഹോട്ട് ലൈനിൽ വിളിച്ച് റിപ്പോർട്ട് ചെയ്യുക