ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഖത്തറിലെത്തിയ ഇന്ത്യയുടെ സർവകക്ഷി സംഘം ഖത്തർ ആഭ്യന്തര സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഒമ്പത് അംഗ ടീമിനെ നയിക്കുന്ന സുപ്രിയ സുലെ എംപി വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽതാനി, വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി എന്നിവരുമായും ശൂറ കൗൺസിൽ അംഗങ്ങളുമായും ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഖത്തറിലെ മാധ്യമങ്ങളുമായും അക്കാദമിക മേഖലയിലുള്ളവരുമായും സംഘം സംവദിച്ചു.
തീവ്രവാദത്തിനെതിരെ ആഗോളാഭിപ്രായമുണ്ടാക്കാൻ സന്ദർശനം പ്രയോജനപ്പെട്ടെന്ന് സംഘാംഗമായ മുൻ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഭീകരതയ്ക്കെതിരായ പ്രതിരോധത്തിൽ ഖത്തർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ പറഞ്ഞു. കോൺഗ്രസ് നേതാവ് മനീഷ് തിവാരി, അനുരാഗ് ഠാക്കൂർ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം നാളെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും എംപിമാർ സന്ദർശിക്കും.