പഹൽഗാം ഭീകരാക്രമണവും ഇന്ത്യ നടപ്പാക്കിയ ഓപറേഷൻ സിന്ദൂറും വിശദീകരിക്കാനായി ഖത്തറിലെത്തിയ സർവകക്ഷി പ്രതിനിധിസംഘം ശൂറാ കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. എൻ.സി.പി നേതാവ് സുപ്രിയ സുലെ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഖത്തർ പാർലമെന്റായ ശൂറാ കൗൺസിലിന്റെ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ അൽ സുലൈതി, അംഗങ്ങൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണവും, അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടും വ്യക്തമാക്കി. ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് തങ്ങളുടേതെന്ന് വ്യക്തമാക്കിയ ശൂറാ കൗൺസിൽ അംഗങ്ങൾ, ആഗോളതലത്തിലെ ഭീകരതയെ ശക്തമായി അപലപിക്കുന്നതായും അറിയിച്ചു.
ഖത്തറിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ അൽ ഷർഖ്-പെനിൻസുല എഡിറ്റോറിയൽ പ്രതിനിധികൾ, മിഡിൽ ഈസ്റ്റ് കൗൺസിൽ ഫോർ ഗ്ലോബൽ അഫയേഴ്‌സ് എന്നിവരുമായും ഇന്ത്യൻ സംഘം കൂടികാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിയ സുലേയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം സൗഹൃദ രാജ്യമായ ഖത്തറിലെത്തിയത്. ശനിയാഴ്ച രാത്രിയോടെ ദോഹ ഹമദ് വിമാനത്താവളത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ സ്വീകരിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്ര സർക്കാർ നിയോഗിച്ച സർവകക്ഷി സംഘത്തിലെ ഏഴാമത്തെ ഗ്രൂപ്പാണ് ഖത്തറിലെത്തി ദൗത്യത്തിന് തുടക്കം കുറിച്ചത്.
കേരളത്തിൽനിന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടുന്ന സംഘത്തിൽ എം.പിമാരായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവ്‌റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്), യു.എന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.ഞായറാഴ്ച രാവിലെ ദോഹയിലെ ഇന്ത്യൻ എംബസിയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം, അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി മികച്ച ഉഭയകക്ഷി സൗഹൃദം നിലനിർത്തുന്ന ഖത്തറിനെ, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഇടപെടലുകളും പോരാട്ടവും ധരിപ്പിക്കുകയാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അംബാസഡർ വിപുൽ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമ മേധാവികൾ, അക്കാദമിക് മേഖലയിലെ പ്രമുഖർ, ഖത്തരി നേതാക്കൾ, സർക്കാർ പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവരുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ഖത്തർ, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.