ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് ഒമാനിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പിഴ ചുമത്തി. സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഈ നടപടി സ്വീകരിച്ചത്. വിപണി നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം നടത്തിയ പ്രത്യേക പരിശോധന കാമ്പയിന്റെ ഭാഗമായാണ് പിഴ ഈടാക്കിയത്.
2022 ജനുവരി മുതലാണ് വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടർന്ന് ഭൂരിഭാഗം സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും, ഇതുവരെയും ഈ സംവിധാനം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നിലവിൽ നടപടികൾ സ്വീകരിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, സ്വർണ്ണ-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പഴം-പച്ചക്കറി കടകൾ, ഇലക്ട്രോണിക്സ് കടകൾ, കെട്ടിട നിർമ്മാണ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലയിലെ സ്ഥാപനങ്ങൾ, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഷോപ്പുകൾ തുടങ്ങിയ വിവിധ തരം വ്യാപാര സ്ഥാപനങ്ങളിലാണ് ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

