ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പ് പുരോഗമിക്കുന്നു. പ്രധാന നാലു ഗവർണറേറ്റുകളിൽനിന്നായി ഈ വർഷം ആകെ 7,700 ടൺ ഉൽപാദനമാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. കൃഷി, മത്സ്യബന്ധന, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ മേൽനോട്ടത്തിൽ ദോഫാർ ഗവർണറേറ്റിൽ ഈ വർഷം ഏപ്രിലിൽ വിളവെടുപ്പ് തുടങ്ങിയിരുന്നു. കാർഷിക, മത്സ്യബന്ധന വികസന ഫണ്ടുമായി സഹകരിച്ചാണ് വിളവെടുപ്പ് നടക്കുന്നത്.52 ഫാമുകളിലായി ഏകദേശം 6,400 ഏക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. ഉൽപാദനം 6,000 ടൺ വരെ എത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ സീസണിൽ കൃഷിഭൂമി വിസ്തൃതി കുറഞ്ഞിരുന്നുവെന്ന് ദോഫാറിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടർ ജനറൽ ഫയൽ മുഹമ്മദ് അൽ ജഹ്ഫാലി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക, സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് കർഷകർ മറ്റു വിളകളിലേക്ക് വൈവിധ്യവത്കരിക്കുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് വെള്ളം ആവശ്യമുള്ളതും വേഗത്തിൽ വരുമാനം നൽകുന്നതുമായ ഉള്ളി, തക്കാളി, വെളുത്തുള്ളി, മറ്റു പച്ചക്കറികൾ തുടങ്ങിയ വിളകളാണ് പല കർഷകരും തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദോഫാറിലെ ഗോതമ്പ് വിളവെടുപ്പ് പ്രക്രിയയെ പിന്തുണക്കുന്നതിനായി 13 കൊയ്ത്തുയന്ത്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജഹ്ഫാലി അറിയിച്ചു.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, കാർഷിക, മത്സ്യബന്ധന വികസന ഫണ്ടുമായി സഹകരിച്ച്, 2024-2025 സീസണിലേക്ക് 50 ശതമാനം സബ്സിഡിയോടെ 30 ടൺ ഗോതമ്പ് വിത്തുകൾ വിതരണം ചെയ്തു. വിളവെടുപ്പ് യന്ത്രങ്ങളും സൗജന്യമായി നൽകിയിട്ടുണ്ട്. അതേസമയം ഒമാൻ ഫ്‌ലോർ മിൽസ് കമ്പനിയാണ് കർഷകരിൽനിന്നുള്ള ശേഖരണ പ്രക്രിയ കൈകാര്യം ചെയ്യുന്നത്. നജ്ദ് പ്രദേശം വിപുലീകരണത്തിന് ശക്തമായ സാധ്യത നൽകുന്ന സ്ഥലമാണെന്ന് ജഹ്ഫാലി ചൂണ്ടിക്കാട്ടി, ഒമാനിലെ ഏറ്റവും തന്ത്രപ്രധാനമായ വിളകളിൽ ഒന്നായിട്ടാണ് ഗോതമ്പിനെ വിശേഷിപ്പിച്ചത്.