ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും അടുത്ത മൂന്നു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി താപനിലയിൽ വർധനവുണ്ടാകും. ജൂൺ 26 ബുധനാഴ്ച വൈകുന്നേരം വരെയാണ് വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ കാറ്റ് കാരണമാകുമെന്നും അതിന്റെ ഫലമായി ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിൽ കടൽ തിരമാലകൾ രണ്ട് മീറ്റർ വരെയും ഒമാൻ കടലിൽ 1.5 മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനം കാരണം താപനിലയിൽ വർധനവ് ഉണ്ടാക്കുമെന്നും കാലാവാസ്ഥാ കേന്ദ്രം പറയുന്നു.
അതേസമയം, ചൂട് വർധിച്ച സാഹചര്യത്തിൽ പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വായുസഞ്ചാരമുള്ള വസ്തുക്കളാൽ നിർമിച്ച ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നുള്ള രക്ഷക്കായി തൊപ്പികളും ഹെൽമെറ്റുകളും ഉപയോഗിക്കുക, തലകറക്കം അല്ലെങ്കിൽ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക, അമിത ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഓരോ 15-20 മിനിറ്റിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക, കഫീൻ, അധിക പഞ്ചസാര അല്ലെങ്കിൽ കാർബണേറ്റഡ് പാനീയങ്ങൾ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, ദഹനത്തിൽ നിന്നുള്ള ചൂട് കുറയ്ക്കാൻ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ കഴിക്കുക, അസാധാരണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ സൂപ്പർവൈസറെ അറിയിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ. എല്ലാ തൊഴിലാളികളും നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.