ഏകീകൃത ജിസിസി വിസ ഉടൻ: ജിസിസി സെക്രട്ടറി ജനറൽ

ഗൾഫ് സഹകരണ കൗൺസിലി(ജിസിസി)ലെ ആറ് അംഗരാജ്യങ്ങളിലൂടെ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ. അംഗരാജ്യങ്ങളുടെ സഹകരണത്തെ പ്രശംസിച്ചുകൊണ്ട് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ് ജിസിസിയിലെ അംഗരാജ്യങ്ങൾ.

വിസയുടെ ഔദ്യോഗികമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.പ്രാദേശിക ടൂറിസത്തെ പുനർനിർമിക്കുന്നതിനുള്ള നാഴികക്കല്ലാണ് ഷെങ്കൻ വിസ മാതൃകയിലുള്ള ജിസിസി വിസ. ജിസിസിയിലെ വിവിധ രാജ്യങ്ങളുടെ വിസ എടുക്കാതെ തന്നെ അതത് ഇടങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഈ വിസ മുഖേന സഞ്ചരിക്കാൻ കഴിയും. ഗൾഫ് മേഖലയെ ആഴത്തിൽ സംയോജിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും അടിസ്ഥാന യാത്രാ സൗകര്യങ്ങൾ നവീകരിക്കാനും സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകമായി ടൂറിസത്തെ ഉപയോഗപ്പെടുത്താനുമുള്ള ഗൾഫ് നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് പദ്ധതിയെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി. പുതിയ വിസ സംവിധാനം സുഗമമായ യാത്രസൗകര്യം വാഗ്ദാനം ചെയ്യുകയും ഗൾഫ് ടൂറിസം അനുഭവത്തിലേക്കുള്ള പുതിയ വാതിൽ തുറക്കുകയും ചെയ്യും.

Leave a Reply