യു.എ.ഇയിലെ ഏറ്റവും വലിയ കാർഷിക പ്രദർശനങ്ങളിലൊന്നായ ‘എമിറേറ്റ്സ് കാർഷിക സമ്മേളനവും പ്രദർശനവും 2025’ അൽഐനിലെ അഡ്നോക് സെന്ററിൽ ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം യു.എ.ഇയുടെ കാർഷിക പാരമ്പര്യവും വളർച്ചയും നവീന ആശയങ്ങളും അടയാളപ്പെടുത്തുന്നതാണ്. ഈ മാസം 31 വരെ നടക്കുന്ന എക്‌സിബിഷനിൽ വിവിധ മന്ത്രാലയങ്ങൾ, മുൻനിര കോർപറേറ്റ് കമ്പനികൾ, യൂനിവേഴ്‌സിറ്റികൾ, സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിയവർ ഭാഗമാകും.
കാർഷിക വികസനം വേഗത്തിലാക്കുന്നതിനും സുസ്ഥിര കൃഷി രീതികൾ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. നാലു ദിവസങ്ങളിലായി വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകളും എക്‌സിബിഷന്റെ ഭാഗമായുണ്ട്. ലുലു ഗ്രൂപ്പും എമിറേറ്റ്സ് കാർഷിക സമ്മേളനത്തിൽ പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ലഭ്യമാക്കുന്നതിനായി നാഷനൽ അഗ്രികൾച്ചറൽ സെന്ററുമായി ലുലു ഗ്രൂപ് പുതിയ ധാരണപത്രം ഒപ്പുവെക്കുകയും ചെയ്തു.
യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്കിന്റെ സാന്നിധ്യത്തിൽ നാഷനൽ അഗ്രികൾച്ചർ സെന്റർ ഡയറക്ടർ സുൽത്താൻ സലാം അൽ ഷംസി, ലുലു ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ എന്നിവർ ചേർന്ന് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവരും ചടങ്ങിൽ ഭാഗമായി.