പുതിയ ഉംറ സീസണിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മക്കയിലെ ഇരുഹറം ജനറൽ പ്രസിഡൻസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മതകാര്യ മേധാവി ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് ഉദ്ഘാടനം നിർവഹിച്ചു. തീർഥാടകർക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനും ഇരു ഹറമുകളും സന്ദർശിക്കുന്നവർക്ക് അനുയോജ്യമായ ഒരു ആരാധന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. എട്ടു മാസം നീണ്ടുനിൽക്കുന്ന സീസണിലെ പദ്ധതിയിൽ നൂറുകണക്കിന് മതപരവും വൈജ്ഞാനികവുമായ സംരംഭങ്ങളും പരിപാടികളും ഉൾപ്പെടുന്നുണ്ട്. തീർഥാടകർക്ക് സേവനം നൽകാൻ ആയിരക്കണക്കിന് വളന്റിയർമാരുണ്ടാകും.
സർക്കാർ ഏജൻസികളുമായും അനുബന്ധ പങ്കാളികളുമായും ചേർന്നുള്ള പ്രവർത്തന സംവിധാനത്തിലൂടെ തീർഥാടകരുടെയും സന്ദർശകരുടെയും ആത്മീയാനുഭവം സമ്പന്നമാക്കും. പ്രവർത്തന പദ്ധതി എട്ടു മാസത്തോളം നീണ്ടുനിൽക്കും. മൂന്ന് ഘട്ടങ്ങളായി വിഭജിച്ച് ശഅബാൻ അവസാനത്തിൽ അവസാനിക്കും. ശേഷം റമദാൻ മാസത്തിനായുള്ള പദ്ധതി ആരംഭിക്കുമെന്നും അൽസുദൈസ് വിശദീകരിച്ചു. തീർഥാടകരെ സേവിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പദ്ധതി. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇരുഹറമുകളിലെ മിതത്വത്തിന്റെ ആഗോള സന്ദേശം പ്രോത്സാഹിപ്പിക്കാനും സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങൾ ഏകീകരിക്കാനും ഇതിലുടെ ശ്രമിക്കും.
സേവനങ്ങൾ നൽകുന്നതിനായി എ.എ. സാങ്കേതികവിദ്യകളിലും സ്മാർട്ട് പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് അൽസുദൈസ് സൂചിപ്പിച്ചു. മാർഗനിർദേശ പരിപാടികൾ ഡിജിറ്റലൈസ് ചെയ്യുക, കർമങ്ങളുടെ നിർവഹണം സുഗമമാക്കുന്നതിനായി രൂപകൽപന ചെയ്ത ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, വിവിധ അന്താരാഷ്ട്ര ഭാഷകളിൽ തീർഥാടകരുമായി ആശയവിനിമയം നടത്തുക, തെരഞ്ഞെടുത്ത മുതിർന്ന പണ്ഡിതരും അധ്യാപകരും ഉൾപ്പെടുന്ന പരിപാടികൾ, മതപഠന ക്ലാസുകൾ, പ്രഭാഷണങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും അൽസുദൈസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

