ദുബൈ നഗരത്തിലെ ഗതാഗത വികസനരംഗത്ത് വലിയ മുന്നേറ്റമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉമ്മുസുഖൈം സ്ട്രീറ്റ് വികസന പദ്ധതി 70 ശതമാനം പൂർത്തിയായി. ഗതാഗതക്കുരുക്ക് കുറക്കുക, യാത്രാസമയം കുറക്കൽ, എമിറേറ്റിലെ എല്ലാ ഭാഗങ്ങളുമായുമുള്ള യാത്ര എളുപ്പമാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ നടത്തിയ സന്ദർശനത്തോടനുബന്ധിച്ചാണ് റോഡ് ഗതാഗത അതോറിറ്റി വികസന പുരോഗതി സംബന്ധിച്ച് വെളിപ്പെടുത്തിയത്. അൽ ഖൈൽ റോഡിന്റെ കവലമുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ നീളുന്ന ഈ വികസന പദ്ധതി, ജുമൈറ സ്ട്രീറ്റിൽനിന്ന് എമിറേറ്റ്‌സ് റോഡ് വരെ 16 കിലോമീറ്റർ ദൈർഘ്യമുള്ള വിശാലമായ ഉമ്മുസുഖൈം – അൽ ഖുദ്‌റ ഇടനാഴിയുടെ കേന്ദ്ര ഘടകമായി മാറും.
10 ലക്ഷത്തിലേറെ ദുബൈ താമസക്കാർക്ക് ഉപകാരപ്പെടുന്നതുമാണ് പദ്ധതി. ദുബൈയുടെ വികസിച്ചുകൊണ്ടിരിക്കുന്ന നഗരഭാഗങ്ങളും ജനസംഖ്യാ വളർച്ചയും ഉൾക്കൊള്ളുന്നതിനാണ് ഈ പദ്ധതി തന്ത്രപരമായി രൂപകൽപന ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന അൽ ബർഷ സൗത്ത് 1, 2, 3, ദുബൈ ഹിൽസ്, അർജൻ, ദുബൈ സയൻസ് പാർക്ക് എന്നിവയുൾപ്പെടെ അതിവേഗം വളരുന്ന നിരവധി റെസിഡൻഷ്യൽ, വാണിജ്യ മേഖലകൾക്ക് ഇത് ഉപകാരപ്പെടും. അൽ ബർഷ സൗത്തിലെ കിങ്‌സ് സ്‌കൂളിന് സമീപം നിർമിക്കുന്ന 800 മീറ്റർ നീളമുള്ള തുരങ്കമാണ് പദ്ധതിയുടെ ഒരു പ്രധാന സവിശേഷത. തുരങ്കത്തിൽ ഓരോ ദിശയിലും നാല് വരികൾ ഉൾപ്പെടും, ഇത് ഉമ്മുസുഖൈം സ്ട്രീറ്റിലൂടെയുള്ള ഗതാഗതം വലിയരീതിയിൽ മെച്ചപ്പെടുത്തും. നവീകരണം പൂർത്തിയാകുന്നതോടെ, ഇരു ദിശകളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്രാ സമയം 9.7 മിനിറ്റിൽനിന്ന് വെറും 3.8 മിനിറ്റായി കുറക്കാനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആർ.ടി.എയുടെ ഏറ്റവും നിർണായകവും തന്ത്രപ്രധാനവുമായ റോഡ് പദ്ധതികളിൽ ഒന്നാണ് ഈ ഇടനാഴിയെന്നും കിഴക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള വാഹനങ്ങളെ ദുബൈയുടെ പ്രധാന വടക്ക്-തെക്ക് ഹൈവേകളായ ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയുമായി ഇത് ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത് എമിറേറ്റിൻറെ ഗതാഗതവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിനും ദീർഘകാല വികസനത്തിനും ഒരു മുതൽകൂട്ടാവുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിന് ആർ.ടി.എ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. നിർമാണം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഡ്രോണുകളും കൃത്രിമബുദ്ധിയും അടക്കമുള്ള സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തുന്നത്.