അപകടങ്ങൾ കൂടിയതോടെ ഇ-സ്‌കൂട്ടർ സുരക്ഷിതത്വം ഉറപ്പാക്കാൻ വ്യവസ്ഥകൾ കർശനമാക്കി ദുബായ് ആർടിഎ. ഇത് പ്രകാരം 16 വയസ്സ് തികഞ്ഞവർക്ക് മാത്രമേ ഇ-സ്‌കൂട്ടർ പെർമിറ്റിന് അപേക്ഷിക്കാനാവൂ.
ഇ- സ്‌കൂട്ടറുകളുടെ അശാസ്ത്രീയ ഉപയോഗവും സീബ്രാ ക്രോസിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചതും മൂലം ഉണ്ടായ അപകടങ്ങളിൽ 5 മാസത്തിനിടെ 13 പേരാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു. സീബ്രാ ക്രോസിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിലാണ് 9 പേർ മരിച്ചതെന്ന് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഓപറേഷൻസ് അസി. ഡയറക്ടർ മേജർ സൈഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു.
ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉണ്ടാക്കിയ അപകടങ്ങളിൽ 4 പേരാണ് മരിച്ചത്. അനുമതിയില്ലാത്ത ഇടങ്ങിൽ റോഡ് കുറുകെ കടക്കാൻ ശ്രമിച്ച 28,027 പേരും പിടിയിലായി. ഗതാഗത നിയമങ്ങൾ പാലിക്കാത്ത 15,029 ഇ- സ്‌കൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഹെൽമെറ്റ് ധരിക്കാതെയാണ് പലരും സൈക്കിളുകളും ഇ- സ്‌കൂട്ടറുകളും ഓടിച്ചിരുന്നതെന്ന് മേജർ സൈഫ് പറഞ്ഞു. നിയമ ലംഘനങ്ങൾ 901 നമ്പറിലോ പൊലീസ് സ്മാർട് ആപ് വഴിയോ അറിയിക്കണം.