ഇരുഹറം കാര്യാലയ നേതൃത്വത്തിൽ ഹജ്ജ് സീസൺ പ്രവർത്തനപദ്ധതിക്ക് തുടക്കം

ഇരുഹറം കാര്യാലയത്തിന്റെ ഏറ്റവും വലിയ ഹജ്ജ് സീസൺ പ്രവർത്തനപദ്ധതിക്ക് തുടക്കം കുറിച്ചു. മക്ക, മദീന ഹറമുകളിൽ തീർഥാടന കാലത്തേക്കുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ച ശേഷമുള്ള പ്രവർത്തനപദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. തീർഥാടകരുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള 120 സംരംഭങ്ങളും10 സ്മാർട്ട് ട്രാക്കുകളും 50 ശാസ്ത്രീയവും ബൗദ്ധികവുമായ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ തീർഥാടകർക്ക് സേവനം നൽകുന്നതിനായി യോഗ്യരായ 2000 സ്വദേശി ജീവനക്കാരെയും വ്യന്യസിച്ചിട്ടുണ്ട് ഹജ്ജിന്റെ സന്ദേശം ലോകത്ത് വിവിധ ഭാഷകളിൽ എത്തിക്കുന്നതിനായി ഏഴ് പ്രത്യേക ഓഡിയോ വിഷ്വൽ സംവിധാനത്തിന്റെ ശക്തിപ്പെടുത്തലും പദ്ധതികളിലുൾപ്പെടും. ഹജ്ജ് തീർഥാടനത്തിന്റെ ശ്രേഷ്ഠതയും അതിന്റെ ആഗോള സന്ദേശമായ മിതത്വവും സ്ഥിരീകരിച്ചു കൊണ്ടും അതിന്റെ പദവി ഉയർത്തിക്കൊണ്ടും മക്കയുടെ മഹത്വം ലോകത്തിന് മുമ്പാകെ തുറന്നുകാട്ടുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സമ്പന്നമായ ആത്മീയാനുഭവം തീർഥാടകർക്ക് നൽകിക്കൊണ്ട് ഇരുഹറമുകളുടെ മാർഗനിർദേശം ലോകത്തിന്റെ നാനാഭാഗങ്ങളിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം ഏറ്റവും വലിയ സ്മാർട്ട് ഡിജിറ്റൽ പാക്കേജും പ്രഖ്യാപിച്ചു. റോബോട്ടായ ‘മനാര’യുടെ രണ്ടാം പതിപ്പ് നിരവധി ഭാഷകളിൽ പുറത്തിറക്കുന്നതിന്റെ പ്രഖ്യാപനം, സ്മാർട്ട് ഇന്ററാക്ടിവ് സ്‌ക്രീനുകളുടെ വികസിപ്പിച്ച പതിപ്പ്, ആഗോള ഇലക്ട്രോണിക് പാരായണം, സൂറത്ത് അൽഫാതിഹയുടെ ഡിജിറ്റൽ ആപ്ലിക്കേഷൻ, ‘ഖാസിദ്’ പോർട്ടൽ, ഇരുഹറം മാധ്യമങ്ങളുടെ ആപ്ലിക്കേഷൻ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ഡിജിറ്റൽ പരിവർത്തന ഉപകരണങ്ങളിലൂടെയും കൃത്രിമബുദ്ധിയിലൂടെയും തീർഥാടകരുടെ വിശ്വാസാനുഭവം വർധിപ്പിക്കുന്നതിനും ‘വ്യതിരിക്തമായ വിശ്വാസാനുഭവം’ നൽകുന്നതിനും മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള എല്ലാ ശേഷിയും നേതൃത്വം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മതകാര്യ മേധാവി ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസ് പറഞ്ഞു.

ഇത് സമയത്തിന്റെയും സ്ഥലത്തിന്റെയും തടസ്സങ്ങൾ കുറക്കുകയും ഹജ്ജിന്റെ മിതത്വവും മാനുഷികവുമായ സന്ദേശം ലോകത്ത് എല്ലാ ഭാഷകളിലും എത്തിക്കുകയും ചെയ്യാനുള്ളതാണെന്നും അൽസുദൈസ് പറഞ്ഞു. ഈ ഹജ്ജ് സീസണിനായുള്ള പ്രവർത്തനപദ്ധതി ഡിജിറ്റൽ, സ്മാർട്ട് ട്രാൻസ്‌ഫോർമേഷൻ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും തീർഥാടകരെയും ലോകത്തെയും നിരവധി ഭാഷകളിൽ അഭിസംബോധന ചെയ്യുന്നതായും അൽസുദൈസ് ചൂണ്ടിക്കാട്ടി. ടെക്‌നോളജി, സ്മാർട്ട് ടെക്‌നോളജി, എ.ഐ റോബോട്ടിക്‌സ് എന്നീ മേഖലകളിലെ ഡിജിറ്റൽ പരിവർത്തനത്തിനും നേതൃത്വത്തിനുമുള്ള ദേശീയ കാഴ്ചപ്പാടിനൊപ്പം നീങ്ങാനുള്ള ഹറം കാര്യാലയത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ശരീഅത്തിന്റെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുകയും മിതവും സന്തുലിതവുമായ ഇസ്‌ലാമിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹജ്ജിന്റെ സന്ദേശം സ്മാർട്ട്, ഇന്ററാക്ടിവ്, ഡിജിറ്റൽ, ബഹുഭാഷാ പ്ലാറ്റ്ഫോമുകൾ വഴി എടുത്തുകാണിക്കേണ്ടതിന്റെ പ്രാധാന്യം അൽസുദൈസ് സൂചിപ്പിച്ചു.

Leave a Reply