ഇന്ത്യയിൽനിന്ന് ഒരു ലക്ഷം ഹജ്ജ് തീർഥാടകർ മക്കയിലെത്തി

ഈ വർഷത്തെ ഹജ്ജിന് ഇന്ത്യയിൽനിന്ന് ഇതുവരെ ഒരു ലക്ഷം തീർഥാടകർ മക്കയിലെത്തി. ഏപ്രിൽ 29-ന് തീർഥാടകരുടെ വരവ് ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ 106,749 ഹാജിമാർ 20 എംബാർക്കേഷൻ പോയിൻറുകളിൽനിന്നായി മക്കയിൽ എത്തിയിട്ടുണ്ട്. 346 വിമാനങ്ങളാണ് ഇതുവരെ സർവിസ് നടത്തിയത്. മദീന വഴി എത്തിയ തീർഥാടകർ സന്ദർശനം പൂർത്തിയാക്കി നേരത്തെ മക്കയിലെത്തിയിരുന്നു. ഇനി ഒമ്പത് തീർഥാടകർ കൂടിയാണ് മദീനയിൽ ഉള്ളത്. രോഗാവസ്ഥയിലുള്ള ഈ തീർഥാടകരെ ഹജ്ജ് ദിനങ്ങളിൽ മക്കയിൽ എത്തിക്കും.

ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ വരവ് ശനിയാഴ്ച വരെ തുടരും. നാട്ടിൽനിന്ന് എത്തുന്ന തീർഥാടകർ ഉംറ കർമം പൂർത്തിയാക്കുന്നുണ്ട്. ഹജ്ജ് പ്രദേശങ്ങളും വിവിധ ചരിത്രസ്ഥലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് ഹാജിമാർ. കേരളത്തിൽനിന്ന് 15,307 ഹാജിമാരാണ് ഇതുവരെ എത്തിയത്. 76 വിമാനങ്ങൾ ഇതുവരെ സർവിസ് നടത്തി. കണ്ണൂരിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് അവസാന വിമാനം പുറപ്പെടുന്നത്

കൊച്ചിയിൽനിന്ന് വെള്ളിയാഴ്ച രാത്രി 8.20-നാണ് അവസാന സംഘം പുറപ്പെടുക. ഇതോടെ മുഴുവൻ തീർഥാടകരും മക്കയിലെത്തും. 2,600 വിതൗട്ട് മഹ്‌റം തീർഥാടകർ ഉൾപ്പെടെ 16,000-ത്തിലേറെ ഹാജിമാരാണ് കേരളത്തിൽനിന്നുള്ളത്. ലക്ഷദ്വീപിൽനിന്നുള്ള 112 ഹാജിമാർ ഉൾപ്പെടെ മാഹി, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള കുറച്ചു ഹാജിമാരും കേരളത്തിൽനിന്ന് യാത്ര പുറപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യൻ ഹാജിമാർ മിനായിലേക്ക് നീങ്ങുക. ബുധനാഴ്ച മുതൽ ഹജ്ജിന് തുടക്കം. വ്യാഴാഴ്ചയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മലയാളി ഹാജിമാർക്ക് പ്രത്യേക ക്ലാസുകൾ സംസ്ഥാന ഹജ്ജ് ഇൻസ്‌പെക്ടർമാർ ഓരോ ബിൽഡിങ്ങും കേന്ദ്രീകരിച്ച് നൽകി വരുന്നുണ്ട്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മലയാളി ഹാജിമാർ ഉൾപ്പെടെ തീർഥാടകർ മദീന സന്ദർശനത്തിലാണ്. 10 ദിവസത്തോളം ഹാജിമാർ മദീന സന്ദർശനം നടത്തും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ എത്തിയ ഹാജിമാർ തിങ്കളാഴ്ചയോടെ മക്കയിൽ തിരിച്ചെത്തും.

Leave a Reply