ഇത്തിഹാദ് റെയിൽ നിർമാണം; ഷാർജയിലെ റോഡുകൾ രണ്ടുമാസത്തേക്ക് അടച്ചു

ഇത്തിഹാദ് റെയിൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മെലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകൾ രണ്ടുമാസത്തേക്ക് അടച്ചു. അടുത്തമാസം 30 വരെ അടച്ചിടൽ തുടരും. പ്രദേശങ്ങളിലെ ഗതാഗതം വഴി തിരിച്ച് വിടുമെന്നും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അധികൃതർ അറിയിച്ചിട്ടുണ്ട്.കാലതാമസം ഒഴിവാക്കാനും ഗതാഗതസുരക്ഷ ഉറപ്പാക്കാനും എല്ലാവരും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. ദേശീയ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ എമിറേറ്റിന്റെ സജീവ പങ്കാളിത്തമാണ് റോഡ് അടച്ചതിലൂടെ വ്യക്തമാകുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സ്വപ്നപദ്ധതിയാണ് ഇത്തിഹാദ് റെയിൽ. കാര്യക്ഷമവും സുരക്ഷിതവുമായ ചരക്ക്, യാത്രാ സേവനങ്ങൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അടുത്തവർഷംമുതൽ ഇത്തിഹാദ് റെയിൽ യാത്രാ സേവനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. യുഎഇയുടെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് റെയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഉണ്ടാവുക. ഒരേസമയം 400 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ 16 സീറ്റുകളുള്ള ബിസിനസ് ക്ലാസ്സും 56 സീറ്റുകളുള്ള ഇക്കോണമി ക്ലാസ്സുമുണ്ടാകും. അടുത്ത 50 വർഷത്തിനകം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് ഇത്തിഹാദ് റെയിൽ സർവീസ് 14,500 കോടി ദിർഹം സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.കൂടാതെ, വ്യവസായം, ലോജിസ്റ്റിക്‌സ്, വിനോദസഞ്ചാരം തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിലെ സകാകാം പ്രദേശത്ത് നിർമിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ സ്റ്റേഷൻ ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയുടെ സമീപത്തായാണ് നിർമിക്കുക. 900 കിലോമീറ്റർ നീളത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഏഴ് എമിറേറ്റുകളിലെ 11 പ്രധാന നഗരങ്ങളെ റെയിൽ ശൃംഖല ബന്ധിപ്പിക്കും.സൗദി അറേബ്യയുടെ അതിർത്തി പ്രദേശമായ ഗുവൈഫത്ത് മുതൽ ഫുജൈറ വരെ നീളുന്ന പദ്ധതിയിൽ 593 പാലങ്ങളും ക്രോസിങ്ങുകളും 6.5 കിലോമീറ്റർ നീളത്തിലുള്ള ഒൻപത് തുരങ്ക പാതകളുമുണ്ട്. ഇത്തിഹാദിന്റെ യാത്രാ, ചരക്ക് തീവണ്ടികൾ ദുബായിലെ വിവിധ പ്രദേശങ്ങളിലായി പരീക്ഷണയോട്ടം നടുത്തുന്നുണ്ട്. പദ്ധതി യാഥാർഥ്യമായാൽ 2030-ഓടെ അബുദാബിയിൽനിന്നു ഫുജൈറയിലേക്ക് വെറും 100 മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് എത്തിച്ചേരാമെന്നാണ് പ്രതീക്ഷ.പരിസ്ഥിതി, സുരക്ഷ എന്നിവയിൽ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നത്.

Leave a Reply