ആസിയാൻ-ജി.സി.സി ഉച്ചകോടിയിൽ ശൈഖ് സഊദ് പങ്കെടുത്തു

ആസിയാൻ -ജി.സി.സി ഉച്ചകോടി അവസരങ്ങളുടെ പാലമാണെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന രണ്ടാമത് ആസിയാൻ ജി.സി.സി ഉച്ചകോടിയിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻറെ ആശംസകൾ അറിയിച്ച ശൈഖ് സഊദ്, തെക്കുകിഴക്കൻ ഏഷ്യ-ഗൾഫ് മേഖല തുടങ്ങിയിടങ്ങളിൽനിന്നുള്ള നേതാക്കൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും സഹകരണം വിപുലമാക്കുന്നതിനും ഉച്ചകോടി സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.

രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന പങ്കാളിത്തം പ്രശംസാർഹമാണ്. വ്യാപാരം, ഊർജം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം എന്നിവ ഉൾക്കൊള്ളുന്ന ആസിയാൻ-ജി.സി.സി സഹകരണ ചട്ടക്കൂട് 2024-2028 സുപ്രധാനമാണ്. ശോഭനവും ഏകീകൃതവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് മൂല്യങ്ങളിൽ ഊന്നിയ പ്രാദേശിക സഹകരണം അനിവാര്യമാണെന്നും ശൈഖ് സഊദ് തുടർന്നു.

‘ഉൾപ്പെടുത്തലും സുസ്ഥിരതയും’ എന്ന പ്രമേയത്തിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്ത ശൈഖ് സഊദിനെ യു.എ.ഇയിൽനിന്നുള്ള പ്രതിനിധി സംഘം അനുഗമിച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ സംയുക്ത പ്രവർത്തനത്തിൻറെ പ്രാധാന്യം ഉയർത്തിയാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രണ്ടാമത് ആസിയാൻ -ജി.സി.സി ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Leave a Reply