ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണമെന്ന നിർദേശം എല്ലാ പ്രവാസികളെയും ബാധിക്കില്ല. നിശ്ചിത തീയതിക്കകം ആധാർ-പാൻ ബന്ധിപ്പിക്കേണ്ടവരുടെ പട്ടികയിൽനിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ട്. ജൂൺ 30 വരെയാണ് ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയം. നേരത്തേ മാർച്ച് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.
അതേസമയം, നാലു വിഭാഗങ്ങളെയാണ് ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇൻകം ടാക്‌സ് ആക്ട് പ്രകാരമുള്ള എൻ.ആർ.ഐകൾ, ഇന്ത്യൻ പൗരന്മാരല്ലാത്തവർ, 80 വയസ്സിന് മുകളിലുള്ളവർ, അസം, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവർ എന്നിവർക്ക് ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമില്ല. അതേസമയം, ഔദ്യോഗികമായി എൻ.ആർ.ഐകളല്ലാത്തവർ രജിസ്റ്റർ ചെയ്യേണ്ടി വരും. സന്ദർശക വിസയിലെത്തിയവരും രജിസ്റ്റർ ചെയ്യണം.
എങ്ങനെ ലിങ്ക് ചെയ്യാം:
eportal.incometax.gov.in അല്ലെങ്കിൽ incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക. നേരത്തേ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്റ്റർ ചെയ്യുക. പാൻ നമ്പറായിരിക്കും യുസർ ഐ.ഡി. യൂസർ ഐ.ഡിയും പാസ് വേർഡും ജനന തീയതിയും നൽകി പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഒരു വിൻഡോ പോർട്ടലിൽ പ്രത്യക്ഷമാകും. ലഭ്യമായില്ലെങ്കിൽ MENU ബാറിലുള്ള ‘PROFILE SETTINGS’ൽ പ്രവേശിച്ച് ‘LINK AADHAAR’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ പ്രകാരം പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങൾ അവിടെ സൂചിപ്പിച്ചിരിക്കും.
ആധാറിൽ പറഞ്ഞിരിക്കുന്നവ ഉപയോഗിച്ച് സ്‌ക്രീനിലെ PAN വിശദാംശങ്ങൾ പരിശോധിക്കുക. വിവരങ്ങൾ തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ആധാറിലോ പാൻ കാർഡിലോ അത് ശരിയാക്കേണ്ടതുണ്ട്. വിശദാംശങ്ങൾ പൊരുത്തപ്പെടുന്നെങ്കിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി ‘LINK NOW’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

