വിനോദ സഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് ഒമാൻ ആദ്യത്തെ ടൂറിസ്റ്റ് ഹോട്ട് എയർ ബലൂൺ പുറത്തിറക്കി. പദ്ധതിയുടെ പ്രമോഷന്റെ ഭാഗമായി തുർക്കിയയിലെ കപ്പഡോഷ്യയിലാണ് ‘ഒമാൻ ബലൂണുകൾ’ അവതരിപ്പിച്ചത്. ടൂറിസം രംഗം വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.
പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുക, ഹോട്ട് എയർ ബലൂൺ ടൂറിസത്തിൽ അന്താരാഷ്ട്ര വൈദഗ്ധ്യം ആകർഷിക്കുകയും ഒമാനിൽ അത് പ്രാദേശികവൽക്കരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘ഒമാൻ ബലൂൺ നമ്പർ 1’ന്റെ ആദ്യ സർവീസ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ നിന്ന് ആരംഭിക്കും.
ആകാശത്തുനിന്ന് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച അവസരമായിരിക്കും ഇത്. ടൂറിസ്റ്റ് ഹോട്ട് എയർ ബലൂണിന് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. ഒമാനി കാലാവസ്ഥക്ക് അനുയോജ്യമായ തരത്തിലാണ് ഇതിന്റെ രൂപകൽപന. ഒരു പൈലറ്റും സഹായിയും അടങ്ങുന്ന സാങ്കേതിക സംഘത്തിനു പുറമേ 20 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ കഴിയും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പനോരമിക് കാഴ്ചകൾ നൽകുന്നതിലുള്ള പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ഗുണപരമായ സംരംഭങ്ങളിലൊന്നാണ് ‘ഒമാൻ ബലൂണുകൾ’