ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ; വ്യോമാതിർത്തിക്ക് പുറത്തുള്ളവയെന്ന് കുവൈത്ത്

കുവൈത്ത് ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടതായ സോഷ്യൽ മീഡിയ റിപ്പോർട്ടുകളിൽ വിശദീകരണവുമായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ്. ആകാശത്ത് ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ കുവൈത്തിന്റെ ദേശീയ വ്യോമാതിർത്തിക്ക് പുറത്താണെന്നും രാജ്യത്തിന് ഭീഷണിയില്ലെന്നും ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി. ഇവ കുവൈത്തിന് ഭീഷണി ഉയർത്തുന്നില്ലെന്നും അറിയിച്ചു.

മിസൈലുകൾ വളരെ ഉയരത്തിലാണ് സഞ്ചരിക്കുന്നത്. അവ കുവൈത്ത് വ്യോമാതിർത്തിക്ക് അപ്പുറത്താണെന്നും സൈന്യം അറിയിച്ചു. കുവൈത്തിന് മുകളിലൂടെ മിസൈലുകൾ പോകുന്നു എന്ന വിവരത്തോടെ തിങ്കാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് സൈന്യത്തിന്റെ വിശദീകരണം.

കുവൈത്തിന്റെ ആകാശത്ത് മറ്റു രാജ്യങ്ങൾ ഓപറേഷനൊന്നും നടത്തിയിട്ടില്ലെന്ന് കുവൈത്ത് നാഷനൽ ഗാർഡും (കെ.എൻ.ജി) വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ മേഖലകളിലെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമായി സഹകരിച്ച് സേന നിർവഹിക്കുന്നുണ്ടെന്നും അറിയിച്ചു. കിംവദന്തികൾ ഒഴിവാക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ സ്വീകരിക്കാനും ഉണർത്തി.

Leave a Reply