ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖ പ്രദേശത്തേക്കുള്ള പുതിയ ഗതാഗതപാത അടുത്ത ആഴ്ച മുതൽ യാത്രക്കാർക്ക് തുറന്നുകൊടുക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റിയായ ആർ.ടി.എയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഈ പാത, യാത്രാസമയം വൻതോതിൽ കുറയ്ക്കാൻ സഹായകമാവും.
പുതിയ പ്രവേശനപാതയുടെ ഭാഗമായി, നിലവിൽ 5.7 കിലോമീറ്റർ ദൂരമായിരുന്ന യാത്ര 1.5 കിലോമീറ്ററായി കുറയുകയും, ആകെ യാത്രാസമയം ഏകദേശം 20 മിനിറ്റിൽ നിന്ന് 3.5 മിനിറ്റായി ചുരുങ്ങുകയും ചെയ്യും. മണിക്കൂറിൽ 5,000 വരെ വാഹനങ്ങൾ ഈ പുതിയ പാത വഴി സഞ്ചരിക്കാനാകും ഇത്, ഗതാഗതക്കുരുക്ക് കുറക്കാനും പ്രദേശത്തേക്ക് പ്രവേശനം എളുപ്പമാക്കാനും സഹായകമാവും.
ഈ വികസനം ദുബൈയിലെ വിപുലമായ റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
വിശാലമായ വികസന പദ്ധതിയുടെ ഭാഗമായി, താമസക്കാർക്കും സ്‌കൂൾ മേഖലകൾക്കും കൂടുതൽ ഉപകാരപ്പെടുന്നതിനായി ആർ.ടി.എ അൽ വർഖ 1ലെ സ്ട്രീറ്റ് 13 നവീകരിച്ചിട്ടുണ്ട്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും യാത്രാ കാലതാമസം കുറക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള 8 കി.മീറ്റർ റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് ഇത് പൂർത്തിയാക്കിയത്. ബദൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ആർ.ടി.എ അൽ വർഖ 3, 4 എന്നിവിടങ്ങളിലെ ഉൾറോഡ് നവീകരണം നടത്തുന്നുണ്ട്. പുതിയ കാൽനട പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, 23 കി.മീറ്ററിലധികം സൈക്ലിങ് ട്രാക്കുകൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.