അശ്രദ്ധമായ ഡ്രൈവിങ് വർധിക്കുന്നു ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അശ്രദ്ധമായി വാഹനം ഓടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അടുത്തിടെ റോഡുകളിൽ സംഭവിച്ച അപകടങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് അബുദാബി പൊലീസ് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചത്. രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങൾ അബുദാബി പൊലീസ് പങ്കു വെച്ചിട്ടുണ്ട്. ട്രാഫിക് സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ അമിത വേഗത്തിൽ എത്തുന്ന മറ്റൊരു വാഹനം ഇടിക്കുന്ന ദൃശ്യങ്ങളാണ് ഇവ. കൂട്ടിയിടി ഒഴിവാക്കാൻ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.

വാഹനമോടിക്കുന്നതിനിടെ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഒരു പ്രവർത്തിയും ചെയ്യരുത് എന്നും അബുദാബി പൊലീസ് പറയുന്നു. പ്രധാനമായും അപകടം സംഭവിക്കുന്നത് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗികുമ്പോഴാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചും, ഫോണിലൂടെ സംസാരിച്ചും വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കു കാരണമാകുമെന്നും അബുദാബി പൊലീസ് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും യാത്രികരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ വാഹനമോടിക്കുന്നത് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. പിന്നീട് ഈ വാഹനം വിട്ടുനൽകുന്നതിന് അമ്പതിനായിരം ദിർഹമാണ് പിഴ അടയ്ക്കേണ്ടത്.യു.എ.ഇയിലുടനീളം നടന്ന റോഡ് അപകടങ്ങളുടെ പ്രധാനകാരണം ചുവപ്പ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ചതാണെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം യു.എ.ഇയിൽ 271 അപകടങ്ങളാണ് ഇങ്ങനെ ഉണ്ടായത്. ചുവപ്പ് ലൈറ്റ് മറികടന്നാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷയെന്ന് അധികൃതർ ഓർമിപ്പിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply