അബൂദബിയിൽ വായനാ ക്യാമ്പയിന് തുടക്കമായി

അറബി ഭാഷാ കേന്ദ്രം നടത്തുന്ന മെഗാ വായനാ ക്യാമ്പയിൻ ലൂവ്രെ അബൂദബിയിൽ ആരംഭിച്ചു. ”അറിവ് നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുന്നു’ എന്ന പേരിൽ വായനയെ ഒരു ശീലമാക്കുക, അറബി ഭാഷയെ ശക്തിപ്പെടുത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ. ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക, സാഹിത്യ, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് 1,700 ഓളം പരിപാടികൾ ഈ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.

സ്‌കൂളുകൾ, സർവകലാശാലകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 50,000ത്തോളം പേർ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. വായനാ ക്ലബ്ബുകൾ, കവിതാ വായനകൾ, ക്രിയേറ്റീവ് റൈറ്റിംഗ് ശിൽപശാലകൾ, സാംസ്‌കാരിക മത്സരങ്ങൾ, എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാഹിത്യ പ്രോജക്ടുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, പ്രഭാഷണങ്ങൾ, പുസ്തക പ്രകാശന ചടങ്ങുകൾ എന്നിവ ക്യാമ്പയിനിൽ ഉൾപ്പെടുന്നു. കലിമ റീഡിംഗ് ക്ലബ് സാഹിത്യത്തിലെ 30 പ്രമുഖരെ പങ്കെടുപ്പിച്ച് 11 പാനൽ ചർച്ചകൾ സംഘടിപ്പിക്കും. കുട്ടികൾക്കായി ഡിജിറ്റൽ സംരംഭങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ഖസർ അൽ ഹുസ്ൻ, അബ്രഹാമിക് ഫാമിലി ഹൗസ്, അബൂദബി ചിൽഡ്രൻസ് ലൈബ്രറി എന്നിവയുമായി സഹകരിച്ച് സാഹിത്യ പങ്കാളിത്തം ശക്തിപ്പെടുത്താനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ക്ലാസിക്കൽ, നബാതി കവിതകൾ, ആത്മീയ പൈതൃകം, റമസാൻ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഈ സഹകരണത്തിലൂടെ സംഘടിപ്പിക്കും. അറബി പൈതൃകത്തിലും ഇമാറാത്തി മൂല്യങ്ങളിലും അധിഷ്ഠിതമായ വായനാ സംസ്‌കാരം വളർത്തുന്നതിനുള്ള ദീർഘകാല തന്ത്രമാണ് പരിപാടിയെന്ന് ഭാഷ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ സഈദ് ഹംദാൻ അൽ തുനൈജി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply