അബൂദബിയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് പാർസൽ വിതരണംചെയ്തു. എമിറേറ്റിലുടനീളം സ്വയംനിയന്ത്രിത ചരക്കുനീക്കം പ്രാവർത്തികമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയത്.അബൂദബി ഇൻവെസ്റ്റ്മെൻറ് ഓഫിസിൻറെ പിന്തുണയോടെ വ്യോമയാന സാങ്കേതികവിദ്യാ സ്ഥാപനമായ എൽ.ഒ.ഡി.ഡിയും ലോജിസ്റ്റിക്സ് ഹോൾഡിങ് ഗ്രൂപ്പായ 7എക്സും ചേർന്നായിരുന്നു ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണ പാർസൽ വിതരണം നടത്തിയത്.
വിഞ്ച് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഡ്രോണിൽനിന്ന് പാർസൽ ഉപഭോക്താവിന് ഇറക്കി നൽകിയത്. ഖലീഫ സിറ്റിയിലായിരുന്നു പരീക്ഷണം. പ്രദേശത്തെ പോസ്റ്റോഫിസിൽനിന്നുള്ള പാഴ്സലാണ് ഡ്രോൺ ഉപയോഗിച്ച് ഡ്രോപ് സോണിൽ എത്തിച്ചത്. സ്വയംനിയന്ത്രിത ആകാശ പാഴ്സൽ ഡെലിവറിയുടെ സാധുത തെളിയിക്കുന്നതുകൂടിയായിരുന്നു ഈ പ്രകടനം.
പരീക്ഷണം പ്രതിഫലിപ്പിക്കുന്നത് പൊതു, സ്വകാര്യ മേഖലകളുടെ സഹകരണത്തിൻറെ ശക്തിയാണെന്നും സ്മാർട്ട് ഏരിയൽ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത് പ്രതിനിധാനം ചെയ്യുന്നതെന്നും സംയോജിത ഗതാഗത കേന്ദ്രത്തിലെ ഏവിയേഷൻ ട്രാൻസ്പോർട്ട് ഡിവിഷൻ ഡയറക്ടർ ഹുമൈദ് സാബിർ അൽ ഹാമിലി പറഞ്ഞു. വൈകാതെ അബൂദബിയിലുടനീളം ഇത്തരം ഡ്രോണുകളുടെ പാർസൽ ഡെലിവറി സാധ്യമാക്കും. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസി (എസ്.എ.എസ്.സി)ലിന് കീഴിൽ അഡിയോസിൻറെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്ക്ൾ ഇൻഡസ്ട്രി (എസ്.എ.വി.ഐ) ക്ലസ്റ്ററിൻറെ പിന്തുണയോടെ സ്മാർട്ട് ഗതാഗതം സാധ്യമാക്കുകയെന്ന എമിറേറ്റിൻറെ ബൃഹത്തായ നയത്തിൻറെ ഭാഗമായാണ് പുതിയ പരീക്ഷണം. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും സംയോജിത ഗതാഗത കേന്ദ്രത്തിൻറെയും മേൽനോട്ടത്തിലായിരുന്നു പരീക്ഷണ പറക്കലെന്നും അദ്ദേഹം പറഞ്ഞു.