2025-2026 അക്കാദമിക് വർഷം മുതൽ അബൂദബിയിലെ സ്വകാര്യ നഴ്സറികളിലും കിൻഡർഗാർട്ടൻ ക്ലാസുകളിലും (പ്രീ കെ.ജി മുതൽ കെ.ജി 1 വരെ) ആഴ്ചയിൽ കുറഞ്ഞത് നാല് മണിക്കൂർ (240 മിനിറ്റ് )അറബി ഭാഷ പഠനത്തിനായി മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം. കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ഭാഷാപരമായ ആത്മവിശ്വാസം, സാംസ്‌കാരിക ബോധം, എന്നിവ വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഏർളി എജുക്കേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മർയം അൽ ഹല്ലാമി പറഞ്ഞു.
അറബി സംസാര ഭാഷയായ കുട്ടികളോ അറബി ഭാഷ ആദ്യമായി പഠിക്കുന്ന കുട്ടികളോ ആണെങ്കിലും പഠിച്ചുതുടങ്ങുന്ന ഏറ്റവും നിർണായക സമയത്ത് നിലവാരമുള്ള അറബി ഭാഷാപഠനം സാധ്യമാക്കുകയെന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. അറബി സംസാരിക്കുന്ന കുട്ടികൾക്കും അറബിക് അറിയാത്ത കുട്ടികൾക്കുമായി രണ്ട് രീതിയിലാണ് പഠനം നൽകുക. നിരവധി കുട്ടികൾക്ക് ഇപ്പോഴും അറബി ഭാഷ ഉപയോഗിക്കുന്നതിൽ ആത്മ വിശ്വാസമില്ലെന്ന് അടുത്തിടെ നടത്തിയ സർവേയിൽ വ്യക്തമായെന്ന് അഡെക് പറയുന്നു. തുടർന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.2026-27 അക്കാദമിക വർഷത്തിൽ അറബി ഭാഷ പഠനം അഞ്ച് മണിക്കൂറാക്കി വർധിപ്പിക്കും. പാട്ടുകൾ, കഥകൾ തുടങ്ങിയവ ഉപയോഗിച്ചാകും പഠനം. ഇന്ററാക്ടീവ് ക്ലാസ് മുറികളിൽ നവീന പഠനോപകരണങ്ങളും ലഭ്യമാക്കും