അബുദബിയിലെ വാലെ പാർക്കിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അംഗീകൃത ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്ന് സംയോജിത ഗതാഗതകേന്ദ്രം നിർദേശം നൽകി. ലൈസൻസ് ഇല്ലാതെയോ നിലവിലുള്ള ലൈസൻസ് ദുരുപയോഗം ചെയ്‌തോ പ്രവർത്തിക്കുന്ന വാലെ പാർക്കിങ് കേന്ദ്രങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംയോജിത ഗതാഗതകേന്ദ്രത്തിന്റെ നോട്ടീസിൽ പറയുന്നു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്രത്തിൽനിന്നുള്ള പരിശോധന സംഘങ്ങൾ സന്ദർശനം നടത്തുകയും ബോധവത്കരണ കാമ്പയിനുകൾ നടത്തുകയും ചെയ്യും.
ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വാലെ പാർക്കിങ് സേവനദാതാക്കൾ തുടങ്ങിയവ സ്ഥാപനങ്ങളോട് അവർക്കുള്ള പെർമിറ്റിൻറെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി അംഗീകൃത വാലെ പാർക്കിങ് സേവനം ഉപയോഗപ്പെടുത്തേണ്ടതിൻറെ പ്രാധാന്യം പൊതുജനങ്ങളെ അധികൃതർ ഓർമപ്പെടുത്തുകയും ചെയ്തു. അനധികൃത വാലെ പാർക്കിങ്ങുകളെക്കുറിച്ചോ വാലെ പാർക്കിങ്ങിലെ നിയമലംഘനങ്ങളെക്കുറിച്ചോ അംഗീകൃത ചാനലുകളിലൂടെ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.