മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും വ്യാപനം തടയുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി റോയൽ ഒമാൻ പൊലീസ് വെർച്വൽ റിയാലിറ്റി (വി.ആർ) സാങ്കേതികവിദ്യയും സ്മാർട്ട് ആപ്ലിക്കേഷനുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 26 ന് ആഗോളതലത്തിൽ ആചരിക്കുന്ന ഈ വർഷത്തെ മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് ഈ സംരംഭം എന്ന് ആർ.ഒ.പിയിലെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളെ നേരിടുന്നതിനുള്ള അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ സഈദ് ബിൻ സലേം അൽ മാവാലി പറഞ്ഞു. ‘ചങ്ങലകൾ തകർക്കൽ: എല്ലാവർക്കും പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ’ എന്നിവയാണ് ഈ വർഷത്തെ പ്രമേയം. പുനരധിവാസത്തിനുള്ള അവകാശത്തെയും ശാസ്ത്രീയ പ്രതിരോധ, വീണ്ടെടുക്കൽ പരിപാടികളുടെ പ്രാധാന്യത്തെയും എടുത്തുകാണിക്കുന്നതാണീ പ്രമേയം.
വ്യാപകമായ പ്രത്യാഘാതങ്ങളുള്ള ആധുനിക സമൂഹങ്ങൾക്ക് ഏറ്റവും ഗുരുതരമായ ഭീഷണികളിലൊന്നാണ് മയക്കുമരുന്ന് ദുരുപയോഗവും കടത്തും എന്ന് കേണൽ മാവാലി വിശേഷിപ്പിച്ചു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്ക് ധനസഹായം നൽകുന്ന ഒരു പ്രധാന സ്രോതസ്സാണ് മയക്കുമരുന്ന് കടത്തെന്ന് അദ്ദേഹം പറഞ്ഞു. 275 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പ്രതിവർഷം 500,000 ൽ അധികം ആളുകൾ മരിക്കുന്നുണ്ടെന്നും ആഗോള ഡേറ്റ കാണിക്കുന്നു. ഈ പ്രശ്‌നത്തെ നേരിടുന്നതിന് ഏകോപിതമായ അന്താരാഷ്ട്ര നടപടി, ഇന്റലിജൻസ് പങ്കിടൽ, യോജിച്ച നിയമങ്ങൾ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ കൂടുതൽ പൊതു അവബോധം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്നിനെതിരായ പോരാട്ടം അതിർത്തികൾ കടക്കുന്നു. കള്ളക്കടത്ത് ശൃംഖലകൾ നൂതനവും വൈവിധ്യപൂർണ്ണവുമായ രീതികൾ ഉപയോഗിക്കുന്നു. അതിനാൽ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾ നിർണായകമണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് ശൃംഖലകൾ കണ്ടെത്തുന്നതിനും തകർക്കുന്നതിനും ആർ.ഒ.പി സൈനിക, സിവിൽ, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കേണൽ മാവാലി പറഞ്ഞു. കര, കടൽ, വ്യോമ വഴി കടത്തുന്ന വലിയ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പൊലീസ് തടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കളെ ലക്ഷ്യമാക്കി ക്രിമിനൽ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകി. മയക്കുമരുന്നിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ കുടുംബങ്ങൾ സഹായിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇത് ഒരു പൊതു ഉത്തരവാദിത്തമാണ്. ലഹരിക്ക് അടിമകളായവരെ തിരിച്ചറിയുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ സമൂഹങ്ങൾ പിന്തുണക്കണം അതുവഴി അവർക്ക് സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളായി തിരിച്ചുവരാൻ കഴിയും.