അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും നൽകിയാൽ മതി. നേരത്തേ ഇത് യഥാക്രമം 25ഉം 50 റിയാലുമാണ് ഈടാക്കിയിരുന്നത്.
ഒക്‌ടോബർ 25വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനൂകൂല്യം ഉണ്ടാവില്ല. സ്‌കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽപോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫറെങ്കിലും പലർക്കും ഇത് ലഭിക്കാൻ സാധ്യതയില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
അധിക ലോഡ് വരുമ്പോൾ ഇത്തരം ഓഫറുകൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. സീസണായത് കൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഫുൾലോഡുമായിട്ടാകും എയർഇന്ത്യ എക്‌സ്പ്രസിന്റെ പറക്കൽ. ലോഡ് കൂടിയതിനെ തുടർന്ന് മുമ്പും ഓഫറുകൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. വെബ്‌സൈറ്റിൽ നിലവിൽ ജൂണിൽ പോലും ഈ ഓഫർ കിട്ടുന്നില്ലെന്നും വരും ദിവസങ്ങളിലേ കൂടുതൽ വ്യക്തത വരികയുള്ളുവെന്നും അവർ പറഞ്ഞു.