ജോബി ഏവിയേഷൻ വികസിപ്പിച്ചെടുത്ത പറക്കും ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കൽ ദുബായിൽ വിജയകരമായി പൂർത്തിയാക്കി. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത കൈവരിക്കാനും 450 കിലോഗ്രാം പേലോഡ് വഹിക്കാനും ശേഷിയുള്ള എയർ ടാക്‌സിയുടെ പരീക്ഷണമാണ് നടത്തിയത്.അടുത്ത വർഷം ആദ്യ പകുതിയിൽ എയർ ടാക്‌സി ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും.
പൊതുഗതാഗത രംഗത്തെ സുപ്രധാന ചുവടുവയ്പ്പാണിതെന്നു ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.സമ്പൂർണ തോതിലുള്ള എയർ ടാക്‌സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള വിശാലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ പരീക്ഷണമെന്നും അദേഹം പറഞ്ഞു. ദുബായിലെ ജീവിത നിലവാരം ഉയർത്താനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന് ഇത് വഴിയൊരുക്കും . നൂതനാശയങ്ങളിലും സാങ്കേതികവിദ്യയിലും ആഗോള നേതാവെന്ന നിലയിലുള്ള യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണം
എയർ ടാക്‌സിക്ക് ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാൻ കഴിയുമെന്ന്
ജോബി ഏവിയേഷനിലെ എയർക്രാഫ്റ്റ് ഒഇഎം പ്രസിഡന്റ് ദിദിയർ പാപഡോ പൗലോസ് പറഞ്ഞു. ഒരു പരമ്പരാഗത ഹെലികോപ്റ്ററിനേക്കാൾ 100 ഇരട്ടി ശബ്ദം കുറവാണിതിന്.ജോബി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് പാപഡോ പൗലോസ് വെളിപ്പെടുത്തി, ദുബായ് ഇൻറർനാഷണൽ എയർപോർട്ടിനും (ഡിഎക്‌സ്ബി) ദുബായ് മറീനയ്ക്കും ഇടയിലാണ് ആദ്യ റൂട്ട്. യുഎഇയിലുടനീളം പറക്കുന്ന ടാക്‌സി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി കമ്പനി മറ്റ് എമിറേറ്റുകളുമായും ചർച്ചകൾ നടത്തിവരികയാണ്