അടിയന്തര വാഹനങ്ങൾക്ക് വഴി നൽകണമെന്ന് ഓർമിപ്പിച്ച് അബുദബി പൊലീസ്

എമർജൻസി, ആംബുലൻസ്, പൊലീസ് തുടങ്ങിയ വാഹനങ്ങൾക്ക് വഴി നൽകണമെന്ന് ഡ്രൈവർമാരെ വീണ്ടും ഓർമിപ്പിച്ച് അബൂദബി പൊലീസ്. ഇത്തരം വാഹനങ്ങൾക്ക് വഴി നൽകുന്നതിന് വീഴ്ച വരുത്തിയാൽ 3000 ദിർഹം പിഴയും വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റുകൾ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

‘മടിക്കേണ്ട, ഉടനെ വഴിമാറൂ’ എന്ന പേരിൽ അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി, ആരോഗ്യവകുപ്പ്, അബൂദബി നഗര ഗതാഗത വകുപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു ഓർമപ്പെടുത്തൽ. അടിയന്തര വാഹനങ്ങൾ വരുമ്പോൾ ഉടൻതന്നെ ഉത്തരവാദിത്തത്തോടെ ഇതിനു വഴിയൊരുക്കുന്ന സംസ്‌കാരം ഡ്രൈവർമാർക്കിടയിൽ വളർത്തിയെടുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.

ജീവൻ രക്ഷിക്കുന്നതിലും അപകടങ്ങൾ കുറക്കുന്നതിലും ലോകത്തിലെ സുരക്ഷിത നഗരമെന്ന അബൂദബിയുടെ പദവി ഊട്ടിയുറപ്പിക്കുന്നതിലും സത്വര പ്രതികരണങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. അപകടമോ തീപിടിത്തമോ, ജീവനപകടത്തിലാക്കുന്ന ആരോഗ്യ പ്രശ്നമോ ഉണ്ടാകുന്ന സാഹചര്യങ്ങളിലെ സൈറണുകൾ പ്രതിനിധാനം ചെയ്യുന്നത് പ്രതീക്ഷയാണെന്നും അധികൃതർ പറഞ്ഞു.

സഹായത്തിനായി കാത്തിരിക്കുന്ന ആളുകൾ ജീവിതത്തിനും മരണത്തിനുമിടയിലാണെന്നും അധികൃതർ ഡ്രൈവർമാരെ ഓർമിക്കുന്നു. നിരത്തിലെ വാഹനങ്ങൾ മൂലമുണ്ടാവുന്ന ചെറിയ കാലതാമസം നിർണായക സാഹചര്യങ്ങളിൽ സ്ഥിതി വഷളാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.

Leave a Reply