അജ്മാനിൽ സർക്കാർ ജീവനക്കാരുടെ ജോലിസമയം കുറച്ചു

രാജ്യത്ത് വേനൽക്കാലത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചതോടെ അജ്മാനിലെ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെയായിരിക്കും പുതുതായി ക്രമീകരിച്ച പ്രവൃത്തി സമയം. ജൂലൈ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക. പുതിയ മാറ്റത്തിന് അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നേതൃത്വത്തിൽ അജ്മാൻ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി.

സർക്കാർ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കടുത്ത ചൂട് അനുഭവപ്പെടുന്ന മാസങ്ങളിൽ വേനൽക്കാല പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തിയത്. അതോടൊപ്പം വെള്ളിയാഴ്ചകളിൽ വിദൂരമായി ജോലി ചെയ്യാനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്. എല്ലാ പൊതുമേഖല ജീവനക്കാർക്കും വെള്ളിയാഴ്ചകളിൽ വിദൂര ജോലി ചെയ്യാനാകും. ഇതിനായി രണ്ട് ഗ്രൂപ്പുകളായി ജീവനക്കാരെ തരം തിരിക്കും.

ആദ്യ ഗ്രൂപ് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ ജോലി ചെയ്യേണ്ടിവരും. ഇവർക്ക് വെള്ളിയാഴ്ച പൂർണമായും അവധിയായിരിക്കും. ഈ സമയം രണ്ടാമത്തെ ഗ്രൂപ്പിന് വിദൂര ജോലി അനുവദിക്കും. അതേസമയം അവശ്യ പൊതുസേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

എമിറേറ്റിലെ മാനവ വിഭവശേഷി വകുപ്പ് പുതിയ സമയക്രമീകരണത്തിന് മേൽനോട്ടം വഹിക്കുകയും അനുയോജ്യമായ പ്രവർത്തന മാതൃകകൾ വികസിപ്പിക്കുകയും 2025 സെപ്റ്റംബറോടെ സമഗ്രമായ ഒരു വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സർക്കാർ പ്രകടനം, ജീവനക്കാരുടെ സംതൃപ്തി, സമൂഹിക ക്ഷേമം എന്നിവയിലെ സ്വാധീനം ഈ റിപ്പോർട്ട് വിലയിരുത്തും.

Leave a Reply