Headlines

പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; ഇന്ന് മുതൽ 5, 18 ശതമാനം നിരക്കുകൾ മാത്രം

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ അഞ്ച്, 18 ശതമാനം നിരക്കുകൾ മാത്രമാണ് ജിഎസ്ടിയിൽ ഉണ്ടാവുക. ജിഎസ്ടി നിരക്കുകൾ ലളിതമാക്കിയതും കുറച്ചതും രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം മറ്റൊരു വളർച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നികുതി നിരക്ക് പരിഷ്‌കരിച്ചതോടെ ബിസ്‌കറ്റ്, സോപ്പ്, നെയ്യ്, വെണ്ണ, കാറുകൾ തുടങ്ങി ഒട്ടുമിക്ക ഉൽപ്പന്നങ്ങൾക്കും വലിയ വിലക്കുറവുണ്ടാകും. പല കമ്പനികളും ജിഎസ്ടി ഇളവുകൾക്ക് പുറമെ, ഉത്സവകാല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അമുൽ 700-ഓളം ഉൽപ്പന്നങ്ങളുടെ വില കുറച്ചപ്പോൾ, മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ വാഹന നിർമാതാക്കളും വലിയ വിലക്കുറവ് പ്രഖ്യാപിച്ചു.

നേരത്തെ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയിൽ ഉണ്ടായിരുന്നത്. ഇത് 5% (മെറിറ്റ്), 18% (സ്റ്റാൻഡേർഡ്) എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കി കുറച്ചു. ആഡംബര ഉൽപ്പന്നങ്ങൾക്കും സിഗരറ്റ് പോലുള്ള ഉൽപ്പന്നങ്ങൾക്കുമായി 40% എന്ന പ്രത്യേക സ്ലാബും നിലനിർത്തിയിട്ടുണ്ട്. ഈ പരിഷ്‌കാരം സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്നും, നികുതി ഘടന ലളിതമാക്കുമെന്നും, പർച്ചേസിങ് പവർ വർദ്ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജിഎസ്ടിയിലൂടെ നികുതി ഘടന ലളിതമാക്കിയെന്നും ‘ഒരു രാജ്യം, ഒരു നികുതി’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ മാറ്റം സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലകൾക്കും ഉണർവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply