സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായ എൻ. പ്രശാന്ത് ഐ.എ.എസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സസ്‌പെൻഷനിലായി ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഈ നടപടി.
അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരടങ്ങുന്ന സമിതിക്കാണ് അന്വേഷണച്ചുമതല. പ്രശാന്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സർക്കാർ അറിയിച്ചു.
നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകുമായിട്ടുള്ള അഭിപ്രായ ഭിന്നതകളാണ് പ്രശാന്തിന്റെ സസ്‌പെൻഷനിലേക്ക് നയിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്താൽ ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ഈ വിഷയത്തിൽ ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിനിടെ മൂന്ന് തവണ പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടിയിരുന്നു.

