സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്ന എ.ഐ റെട്രോ സാരി ട്രെൻഡിന് ശേഷം ഇപ്പോൾ പുതിയൊരു എ.ഐ ട്രെൻഡ് ജനശ്രദ്ധ നേടുന്നു. അതിവേഗം വന്നുപോയ സാരി ട്രെൻഡിന് പകരം, ഇപ്പോൾ ‘ഹഗ് മൈ യങർ സെൽഫ്’ എന്ന പുതിയ എ.ഐ ഫീച്ചറാണ് സാമൂഹിക ലോകത്ത് തരംഗമാകുന്നത്. ഗൂഗിളിന്റെ ജെമിനി നാനോ ബനാന എന്ന എ.ഐ ടൂളാണ് ഈ ട്രെൻഡിന് പിന്നിൽ.
എന്താണ് ‘ഹഗ് മൈ യങർ സെൽഫ്’ ട്രെൻഡ്?
നിങ്ങളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ ഉപയോഗിച്ച്, നിങ്ങൾ കുട്ടിക്കാലത്തെ നിങ്ങളെ ചേർത്തുപിടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതാണ് ഈ ട്രെൻഡ്. സാരി ട്രെൻഡിനേക്കാൾ എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കും. ലളിതമായ പ്രോംപ്റ്റുകൾ നൽകിയാൽ ഈ ഫീച്ചർ ഉപയോഗിച്ച് കുട്ടിക്കാലത്തെ നിങ്ങളെ വെർച്വലായി പുണരുന്ന മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കാൻ സാധിക്കും. നിരവധി ആളുകൾ ഈ ഫീച്ചർ ഉപയോഗിച്ച് ചിത്രങ്ങൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞു.
എങ്ങനെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്?
ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് അഥവാ നാനോ ബനാന എന്ന ഗൂഗിളിന്റെ എ.ഐ ടൂളാണ് ഇതിന് ഉപയോഗിക്കുന്നത്. നിങ്ങളുടെ രണ്ട് ചിത്രങ്ങൾ (കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും) ടൂളിന് നൽകിയ ശേഷം, കൃത്യമായ പ്രോംപ്റ്റ് കൊടുത്താൽ മതി. പ്രോംപ്റ്റ് വ്യക്തതയോടെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ
ഈ ട്രെൻഡിന് പിന്നിലെ സാങ്കേതികവിദ്യ ആകർഷകമാണെങ്കിലും ചില സുരക്ഷാ പ്രശ്നങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നമ്മൾ നൽകുന്ന റഫറൻസ് ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രധാന മുന്നറിയിപ്പ്. അതിനാൽ, ഇത്തരം എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ മുൻകരുതലുകൾ എടുക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. സെൻസിറ്റീവ് വിവരങ്ങളോ സ്വകാര്യ ഫോട്ടോകളോ അപ്ലോഡ് ചെയ്യാതിരിക്കുക, ലൊക്കേഷൻ ടാഗുകൾ പോലുള്ള മെറ്റാ ഡാറ്റ നീക്കം ചെയ്യുക, സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിംഗ്സുകൾ ശക്തമാക്കുക എന്നിവ ശ്രദ്ധിക്കണം.

