ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇന്ത്യയിൽ അതിവേഗം വളർന്ന യുപിഐ (Unified Payments Interface) സംവിധാനം ഇനി ഖത്തറിലും ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താം. എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (NPCI International Payments Limited – NIPL) ഖത്തർ നാഷണൽ ബാങ്കും (QNB) ചേർന്നാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ, ഖത്തറിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ ക്യൂ ആർ കോഡ് വഴി എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സാധിക്കും.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഇന്ത്യക്ക് ഖത്തറിൽ രണ്ടാം സ്ഥാനമാണുള്ളത്. ഖത്തറിലേക്ക് എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായാണ് യുപിഐ സംവിധാനം കൊണ്ടുവന്നത്. ഇനിമുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് കറൻസി നോട്ടുകൾ കൈയിൽ കരുതേണ്ട ആവശ്യം വരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. അധികം വൈകാതെ ഖത്തറിലെ മറ്റ് കച്ചവട സ്ഥാപനങ്ങളിലും യുപിഐ സംവിധാനം വ്യാപിപ്പിക്കുമെന്നാണ് സൂചന.
രാജ്യത്ത് യുപിഐ സംവിധാനം കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്യുഎൻബി ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസർ യൂസുഫ് മഹ്‌മൂദ് അൽ നീമ പറഞ്ഞു. ഈ നടപടിയിലൂടെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും പണരഹിത ഇടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും ഇത് ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

