ദുബായിലെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസണിലേക്കുള്ള വി.ഐ.പി ടിക്കറ്റുകളുടെ വിൽപന സെപ്റ്റംബർ 27-ന് ആരംഭിക്കും. ഇതിനായുള്ള പ്രീ-ബുക്കിംഗ് സെപ്റ്റംബർ 20 മുതൽ ലഭ്യമാകും. ടിക്കറ്റുകൾ കൊക്കകോള അരീനയുടെ വെബ്‌സൈറ്റ് വഴി വാങ്ങാം.
വി.ഐ.പി ടിക്കറ്റുകൾ നാല് വ്യത്യസ്ത പാക്കേജുകളിലാണുള്ളത്:
- ഡയമണ്ട് പാക്ക്: 7550 ദിർഹം
- പ്ലാറ്റിനം പാക്ക്: 3400 ദിർഹം
- ഗോൾഡ് പാക്ക്: 2450 ദിർഹം
- സിൽവർ പാക്ക്: 1800 ദിർഹം
18 വയസ്സിനു മുകളിലുള്ളവർക്ക് എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ച് ഈ പാക്കേജുകൾ സ്വന്തമാക്കാം.വേനൽക്കാല അവധിക്കു ശേഷം ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കും. അടുത്ത വർഷം മേയ് 10 വരെ ഇത് സന്ദർശകർക്കായി തുറന്നിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പവലിയനുകളും, വൈവിധ്യമാർന്ന വിനോദപരിപാടികളും ഇത്തവണത്തെ പ്രത്യേകതയാണ്. മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന ഈ സീസൺ, മുൻ വർഷങ്ങളെക്കാൾ മികച്ച അനുഭവങ്ങൾ നൽകുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ 1.05 കോടി സന്ദർശകരെ ആകർഷിച്ച് ഗ്ലോബൽ വില്ലേജ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇത്തവണയും സന്ദർശകരെ ആകർഷിക്കുന്ന ഒട്ടേറെ പുതിയ വിസ്മയങ്ങളും പരിപാടികളും ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ്, റൈഡുകൾ, തത്സമയ വിനോദങ്ങൾ എന്നിവ പതിവുപോലെ ലഭ്യമായിരിക്കും.

