പ്രഥമ ആഗോള റെയിൽ എക്സ്പോ ഒക്ടോബറിൽ അബൂദബിയിൽ നടക്കും. ഊർജ, അടിസ്ഥാന വികസന മന്ത്രാലയവും അഡ്നക് ഗ്രൂപ്പും ഇത്തിഹാദ് റെയിലും ഡി.എം.ജി ഇവന്റ്സും സഹകരിച്ചാണ് ഒക്ടോബർ 8 മുതൽ 10 വരെ അഡ്നെക് സെന്ററിൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ആഗോള കണക്ടിവിറ്റി പ്രാപ്തമാക്കുകയും ചെയ്യുക എന്ന ആശയത്തിലാണ് ആഗോള റെയിൽ, ട്രാൻസ്പോർട്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
നയ രൂപവത്കരണ വിദഗ്ധർ, ഇൻഫ്‌ലുവൻസർമാർ, പ്രഫഷണലുകൾ, ആഗോള കമ്പനികളിൽ നിന്നുള്ള 1000 പ്രതിനിധികൾ, നാൽപതിലേറെ രാജ്യങ്ങളിൽനിന്നുള്ള മുന്നൂറിലേറെ പ്രദർശകർ എന്നിവർ എക്സ്പോയിൽ പങ്കാളികളാവും. ആഗോള റെയിൽവേ പ്രവണതകൾ, സുസ്ഥിര അടിസ്ഥാനസൗകര്യം, റെയിൽ മേഖല നേരിടുന്ന വെല്ലുവിളികൾ, പാരിസ്ഥിതിക ആഘാതം, നിയന്ത്രണ ചട്ടക്കൂടുകൾ, സാമ്പത്തികം, ലോജിസ്റ്റിക്സ്, മികച്ച സുരക്ഷാ രീതികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് 40 മുഖ്യ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ഉൾപ്പെടുന്ന ആറു പ്രമേയങ്ങളാണ് എക്സ്പോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംയോജിത ഗതാഗതഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിന് വഴിയൊരുക്കി മന്ത്രിമാരും വ്യവസായ പ്രമുഖരും മറ്റു വിദഗ്ധരും അടക്കം 120ലേറെ പ്രഭാഷകർ പരിപാടിയിൽ സംബന്ധിക്കും.

