യു എ ഇ യിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ പേസ് ഗ്രൂപ്പ് ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ നിറവിൽ. ഇതിന്റെ ഭാഗമായി ദുബായ് മുഹൈസ്‌നയിലെ എത്തിസലാത്ത് അക്കാദമിയിൽ ‘പേസ് സിൽവിയോറ’ എന്ന പേരിൽ നടന്ന ആഘോഷത്തിൽ യുഎഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു.
1966-ൽ യുഎഇയിലെത്തിയ മലയാളിയായ ഡോ. പി എ ഇബ്രാഹിം ഹാജി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകളെ ഷെയ്ഖ് നഹ്യാൻ പ്രശംസിച്ചു. പേസ് ഗ്രൂപ്പിന്റെ 25 വർഷത്തെ യാത്ര അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണെന്ന് മന്ത്രി പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യം വിദ്യാഭ്യാസത്തിനും മാനുഷിക ശാക്തീകരണത്തിനും നൽകുന്ന പ്രാധാന്യം അദ്ദേഹംഎടുത്തുപറഞ്ഞു. പി എ ഇബ്രാഹിം ഹാജിയുടെ കുടുംബം ലോകമെമ്പാടും മികച്ച വിദ്യാഭ്യാസം എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലെ പേസ് സ്കൂളുകൾ സഹിഷ്ണുതയുള്ള ആഗോള പൗരന്മാരെയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീർഘകാലമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. 30, 20, 10, 5 വർഷം പൂർത്തിയാക്കിയവർക്ക് സ്വർണ്ണനാണയങ്ങളും സ്മാരക ചിഹ്നങ്ങളും സമ്മാനിച്ചു. 25 വർഷം പൂർത്തിയാക്കി ലോയൽറ്റി അവാർഡ് നേടിയവർക്ക് ഷെയ്ഖ് നഹ്യാൻ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
പേസ് ഗ്രൂപ്പ് ബോർഡ് അംഗങ്ങളായ അബ്ദുൾ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരും ആസിഫ് മുഹമ്മദ്, മലയിൽ മൂസക്കോയ, അഹമ്മദ് കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പേസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതയാത്രയും ദർശനങ്ങളും ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ പിതാവിന്റെ ദർശനങ്ങൾ പിന്തുടരുമെന്നും വിദ്യാഭ്യാസ ദൗത്യം ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും പി എ ഇബ്രാഹിം ഹാജിയുടെ കുടുംബം വ്യക്തമാക്കി.ആഘോഷ പരിപാടിയിൽ 6,000-ത്തിലധികം പേർ പങ്കെടുത്തു.
നിലവിൽ യുഎഇ, ഇന്ത്യ, കുവൈറ്റ് എന്നിവിടങ്ങളിലായി 20-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പേസ് ഗ്രൂപ്പിനുണ്ട്. 85 രാജ്യങ്ങളിൽ നിന്നുള്ള 36,000 വിദ്യാർത്ഥികൾ ബ്രിട്ടീഷ്, ഇന്ത്യൻ കരിക്കുലങ്ങളിലായി ഇവിടെ പഠിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

