പേസ് ഗ്രൂപ്പിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

മിഡിലീസ്റ്റിലെയും ഇന്ത്യയിലെയും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പെയ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പേസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ദീർഘവീക്ഷണത്തിനും അർപ്പണബോധത്തിനുമുള്ള ആദരവായാണ് ‘സിൽവിയോറ’ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്തുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ഷാർജയിൽ നടത്തിയ വാര്ത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി വരെ നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓരോ മാസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത പരിപാടികകൾ സംഘടിപ്പിക്കും. ‘പെയ്‌സ് സിൽവിയോറ’ എന്ന് നാമകരണം ചെയ്ത ആഘോഷങ്ങൾക്ക് ‘ഹോണറിങ് എ ലെഗസി, ഇല്ലുമിനേറ്റിങ് ദ് ഫ്യൂച്ചർ’ എന്ന ടാഗ്‌ലൈനാണ് തിരഞ്ഞെടുത്തത്. ഇവയുടെ ഔദ്യോഗിക പ്രഖ്യാപനം പെയ്‌സ് ബ്രിട്ടിഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർഥികൾക്കിടയിൽ നടത്തിയ മത്സരത്തിലൂടെയാണ് രജത ജൂബിലി ലോഗോ, ടാഗ്‌ലൈൻ, മംഗളഗീതം എന്നിവ തിരഞ്ഞെടുത്തത്. ലോഗോ മത്സരത്തിൽ 19,472 പേർ പങ്കെടുത്തു.

ഈ മാസം മാനസിക-ശാരീരികാരോഗ്യം, കായികം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പെയ്‌സ് സ്ഥാപനങ്ങളുടെ ഭാഗമായ വ്യക്തികളെ ആദരിക്കുക, പൂർവ്വ വിദ്യാർഥി സംഗമങ്ങൾ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് അവാർഡുകൾ, സുവനീർ വിതരണം, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള വിരുന്ന് സത്കാരം എന്നിവ ഈ മാസം നടക്കും. ഗ്രാൻഡ് പെയ്‌സ് സെലിബ്രേഷൻ എന്ന പേരിലാണ് സമാപന ചടങ്ങ് നടത്തുന്നത്. ഡോ. പി.എ. ഇബ്രാഹിം ഹാജി സ്മാരക അവാർഡുകളും സ്കോളർഷിപ്പുകളും ‘ടുഗതർ ഫോർ 25’ എന്ന പരിപാടിയിലൂടെ ഏർപ്പെടുത്താനും ജൂബിലിയുടെ ഭാഗമായി തീരുമാനമായിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ ചെലവിൽ രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 1999ൽ പി.എ. എജ്യുക്കേഷൻ ട്രസ്റ്റ് രൂപീകരിച്ച കാസർകോട് സ്വദേശിയായ ഡോ. പി.എ. ഇബ്രാഹിം ഹാജിയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. വാർത്താ സമ്മേളനത്തിൽ പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ സൽമാൻ ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസീഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply