നോർക്ക കെയർ: രജിസ്‌ട്രേഷൻ ഒക്ടോബർ 31-ന് അവസാനിക്കും

പ്രവാസികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക ആരോഗ്യ, അപകട ഇൻഷുറൻസിൽ അംഗമാകാനുള്ള സമയപരിധി ഒക്ടോബർ 31ന് അവസാനിക്കും. ഇൻഷുറൻസ് പദ്ധതിയായതിനാൽ രജിസ്‌ട്രേഷൻ സമയപരിധി കഴിഞ്ഞാൽ പിന്നീട് ഒരു വർഷം കഴിഞ്ഞാലേ പുതിയ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ. പ്രവാസികേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോർക്ക കെയർ’.

കേരളത്തിലെ 500 ലധികം ആശുപത്രികളടക്കം രാജ്യത്തെ 16000 ഓളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് പണ രഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. കഴിഞ്ഞമാസം 22 മുതൽ ഈ മാസം 22 വരെരെയായിരുന്നു നോർക്ക കെയർ രജിട്രേഷനായി തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, പലർക്കും രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് തീയതി ഈ മാസം 31-ലേക്ക് നീട്ടുകയായിരുന്നു.

പലയിടത്തും പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേകം രജിസ്‌ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഇതുവരെ അര ലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തതായാണ് കണക്ക്. ഇവയിൽ ഏറെയും കുടുംബമായുള്ള രജിസ്‌ട്രേഷനാണ്. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബർ ഒന്നുമുതൽ നോർക്ക കെയർ പദ്ധതി പരിരക്ഷ ലഭിക്കും. നോർക്ക കെയർ രജിസ്‌ട്രേഷന്റെ തീയതി നീട്ടുന്നത് സംബന്ധിച്ച് ഇതുവരെ നോർക്ക അറിയപ്പൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ രജിസ്റ്റർ ചെയ്യാം. കേരളത്തിൽ 3000 ത്തോളം അക്ഷയ കേന്ദ്രങ്ങൾ മുഖേനയും നോർക്ക കെയർ എൻറോൾമെൻറ് സേവനം എന്നിവ ലഭിക്കും.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി , 25 വയസ്സിൽ താഴെ 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. വ്യക്തിഗത ഇൻഷുറൻസിന് (18-70 വയസ്സ്) 8,101 രൂപയുമാണ്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ സഹായം ആവശ്യമുള്ളവർക്കായി തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെ സഹായം ലഭ്യമാക്കും. വൈകീട്ട് മൂന്ന് മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്‌സ് വെബ്‌സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാൾ മുഖേനയാണ് പ്രവേശിക്കേണ്ടത്. അതേസമയം, പ്രവാസി കെയർ പദ്ധതി സംബന്ധിച്ച് പ്രവാസികളിൽനിന്ന് ചില പരാതികളും ഉയർന്നിരുന്നു. നിലവിലെ നിബന്ധനകൾ പ്രകാരം പ്രവാസികളുടെ രക്ഷിതാക്കളെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് അവയിൽ പ്രധാനപ്പെട്ട പരാതി. ഒക്ടോബർ 30 എന്ന സമയപരിധി ഒഴിവാക്കി ഏത് സമയത്തും പദ്ധതിയിൽ ചേരാനുള്ള സൗകര്യം അനുവദിക്കണമെന്ന ആവശ്യവുമുയർന്നിരുന്നു. പ്രീമിയം തുക സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply