മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുഴൂർ വിത്സന്റെ മരക്കവിതകളുടെ സമാഹാരം, ‘മരയാളം’, 2025-ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ 13നു രാത്രി 9.30 നു ഷാർജ റൈറ്റേഴ്സ് ഹാളിലാണു പ്രകാശനച്ചടങ്ങ് . ഒലീവ് ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. വിത്സൺ പല കാലങ്ങളിലായി എഴുതിയ മരക്കവിതകളാണ് ‘മരയാളം’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘മരയാളം’ എന്ന വാക്ക് കവിയുടെ സ്വന്തം പ്രയോഗമാണ്. സുജീഷ് സുരേന്ദ്രന്റേതാണു മരയാളത്തിന്റെ കവർ . കവി സുകുമാരൻ ചാലിഗദ്ധയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. അമ്പി സുധാകരൻ, ടി.സി. നാരായണൻ എന്നിവരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട് . മരങ്ങളോട് എന്നും പ്രിയം കാണിച്ച വിത്സൻ കലകാരന്മാരുമായി ചേർന്ന് അവതരിപ്പിച്ച പോയട്രീ ഇൻസ്റ്റലേഷൻ ശ്രദ്ധ നേടിയിരുന്നു . 180 രൂപയാണു പുസ്തകത്തിന്റെ വില . കോപ്പികൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ – 91 97781 41567.
കുഴൂർ വിത്സന്റെ നാലു പുസ്തകങ്ങളാണു ഇത്തവണ ഷാർജ പുസ്തകോത്സവത്തിൽ ലഭ്യമാവുക . മരയാളം- ഒലീവ് പബ്ലിക്കേഷൻസ് ( HALL NO 7 , ZD-2 , രണ്ട് ബർണ്ണറുകൾ – ബുക്ക് ജിന്ന് പബ്ലിക്കേഷൻസ് -ചിരന്തന സ്റ്റാൾ (HALL NO- 7 ZE-2 ) ,തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ – ബുക്ക് പ്ലസ് -( HALL NO 7 – ZB-10 , വയലറ്റിനുള്ള കത്തുകൾ , മിഖായേൽ , സൈകതം ബുക്സ് ( HALL NO 7 – ZD- 1 ) എന്നിവയാണവ.
മരയാളത്തെക്കുറിച്ച് വിത്സന്റെ വാക്കുകൾ
മരയാളം എന്റെ സ്വപ്നപുസ്തകമാണ് . ഏറെക്കാലമായി ഞാൻ ഇതിന്റെ വേരുകളിലും ശിഖരങ്ങളിലും മാറിമാറി തഴുകിക്കൊണ്ടിരിക്കുന്നു . എന്നിൽ മരത്തിന്റെ വിത്തുകൾ പാകിയത് അപ്പനാണ്. കാർഷിക രംഗത്തേക്ക് മുഴുവനായി തിരിയുംമുൻപ് അപ്പൻ കുടകിൽ മരംവെട്ടുകാരുടെ മൂപ്പനായിരുന്നു . മരങ്ങളെക്കുറിച്ച് , അതിന്റെ തടിയുടെ കണക്കുകളെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള ആളായിരുന്നു അപ്പൻ. ‘അർക്കക്കാരൻ ‘ എന്ന വിളിപ്പേരും ആൾക്ക് ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ പൂർത്തിയാകുമല്ലോ. വെട്ടുന്നതിനൊപ്പം മരങ്ങളെ ഒരുപാട് സ്നേഹിച്ച ഒരാളും അദ്ദേഹത്തിൽ ഉണ്ടായിരുന്നു .
ഒരിക്കൽ, നന്നേ ചെറുപ്പത്തിൽ മറ്റെല്ലാ കുട്ടികളും കളിക്കാൻ പോകുന്ന തിരുവോണദിവസം അപ്പനെന്നെ പറമ്പിലേക്ക് പറഞ്ഞയച്ചു.അപ്പോൾ വന്ന ദേഷ്യം ചില്ലറയല്ല.എന്റെ കടുത്ത മുഖം കണ്ട അപ്പൻ എന്നോട് പറഞ്ഞു: ‘നീ അവിടെ പോയി മലയൊന്നും മറിക്കണ്ട,തെങ്ങുകളെയും കവുങ്ങുകളെയും ചുമ്മാ ഒന്ന് കണ്ടുപോന്നാൽ മതി’ എന്ന്, ഓണം അവർക്കുമുണ്ട് എന്ന്. ആ പാഠം എന്നിൽ നന്നായി പതിഞ്ഞു എന്നാണ് പിൽക്കാല ജീവിതം തെളിയിച്ചത് . ജീവിതത്തിലും കവിതയിലും ഞാൻ മരങ്ങളെ നിലമറന്ന് സ്നേഹിച്ചു . ഒരു മരമായിത്തീരാൻപോലും ആഗ്രഹിക്കുന്നത്ര ആ തീവ്രത വളർന്നു.
അമ്പതാം വയസ്സിലാണ് ഞാൻതന്നെ രൂപം കൊടുത്ത വാക്കായ മരയാളം പുസ്തകരൂപത്തിൽ ആവുന്നത്. 2003 ൽ ആദ്യമായി ഇന്ത്യവിട്ട് യു എ ഇ യിൽ എത്തിയപ്പോഴാണ് ആദ്യമായി മരങ്ങൾ എന്നിലേക്ക് പടർന്നുകയറിയത്. 2025 ൽ ഈ കുറിപ്പ് എഴുതുന്നത് യു എ ഇ യിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ ദുബായിലെ കരാമയിലിരുന്നാണ് . ഇപ്പോൾ ഇവിടെ മരങ്ങളും കുറവാണ് . ഉള്ളവയോടുള്ള പ്രിയം ഏറിയേറി വരുന്നു എന്നു മാത്രം പറയട്ടെ . ഈ വരുന്ന മരക്കവിതകളിലെല്ലാം ഞാൻ നടന്ന വഴികളിലെ മരങ്ങളുണ്ട്. പലതും നിറയെ തണൽ തന്നവ . മരയാളം എന്ന വാക്കിനും ഈ കവിതകൾക്കും അതിലൂടെ ഉണ്ടായ പോയട്രീ ഇൻസ്റ്റലേഷനുകൾക്കും പോയട്രീ ബാൻഡിന്റെ വിവിധ വേദികൾക്കും എല്ലാം ഞാൻ മരങ്ങളോട് കടപ്പെട്ടിരിക്കുന്നു . ഫലങ്ങളും തണലും തന്ന എല്ലാ മരങ്ങൾക്കും നന്ദി . മരയാളം മികച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കുന്ന ഒലീവിനും വലിയ നന്ദി. മരയുമ്മകൾ.
കുഴൂർ വിത്സൺ

1975 ൽ ജനിച്ചു. ഇംഗ്ലീഷ് , സ്പാനിഷ് വിവർത്തന രചനകൾ ഉൾപ്പടെ ഇരുപതിലധികം പുസ്തകങ്ങൾ. മലയാളത്തിലെ ആദ്യകവിതാ ബ്ലോഗിന്റെ ഉടമയാണ്. സംസ്ഥാന സർക്കാർ യൂത്ത് ഐക്കൺ പുരസ്‌ക്കാരം, എൻ എം വിയ്യോത്ത് സാഹിത്യ പുരസ്‌ക്കാരം ,യു എ ഇ ചിരന്തന മാധ്യമ പുരസ്‌ക്കാരം, പ്രഥമ ജിനേഷ് മടപ്പള്ളി പുരസ്‌ക്കാരം , പതിനൊന്നാമത് ഒ വി വിജയൻ പുരസ്‌ക്കാരം ഉൾപ്പടെ നിരവധി സാഹിത്യബഹുമതികൾ. കവിതകളും മരങ്ങളും ഇഴ ചേരുന്ന മരയാളം- പോയട്രീ ഇൻസ്റ്റലേഷൻ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചു. വിവിധ യൂണിവേഴ്സിറ്റികളിൽ കവിതകൾ പാഠ്യവിഷയമാണു . മുതിർന്ന മാധ്യമപ്രവർ ത്തകൻ കൂടിയായ വിത്സൺ ഇപ്പോൾ ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 എ എമ്മിൽ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റായി പ്രവർത്തിക്കുന്നു. ആഗ്നസ് അന്നയാണു മകൾ.
പ്രധാനകൃതികൾ: ആദ്യ പുസ്തകം ഉറക്കം ഒരു കന്യാസ്ത്രീ (1998- ഖനി ബുക്‌സ്), വിവർത്തനത്തിനു ഒരു വിഫലശ്രമം (2006- ചിരന്തന – പ്രണത ബുക്സ് ), ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു ആരെല്ലാം നോക്കുമെന്നായിരുന്നു (2008- പാപ്പിറസ്), കുഴൂർ വിത്സന്റെ കവിതകൾ (2012- ഡി സി ബുക്സ്, 2024-വേഡ് ബുക്സ്), വയലറ്റിനുള്ള കത്തുകൾ (2015 നാലു പതിപ്പു കൾ- സൈകതം ബുക്‌സ്), ഹാ, വെള്ളം ചേർക്കാത്ത മഴ -( 2016 – വേഡ് ബുക്സ് ) പച്ച പോലത്തെ മഞ്ഞ (2018 ധ്വനി ബുക്‌സ്), കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം (2018- പാപ്പാത്തി പുസ്തകങ്ങൾ), ഇന്ന് ഞാൻ നാളെനീയാന്റപ്പൻ (2020- ലോഗോസ് ബുക്സ്), മിഖായേൽ (2023- സൈകതം ബുക്‌സ്) , തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ (2024- ബുക്ക് പ്ലസ്), രണ്ട് ബർണ്ണറുകൾ (2025- ബുക്ക് ജിന്ന്). Thintharoo – കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ , മരക്കവിതകളുടെ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണു Treemagination. ട്രീമാജിനേഷൻ പിന്നീട് ഡച്ച് ഭാഷയിലും പ്രസിദ്ധീകരിച്ചു . Rahul Gandhi, Neruda, Feast of St. Thomas And Other Poems ആണ് മൂന്നാമത്തെ ഇംഗ്ലീഷ് പുസ്തകം. Letters to Violet- വയലറ്റിനുള്ള കത്തുകൾ ഇംഗ്ലീഷിനു പുറമേ സ്പാനിഷിലും പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
കുഴൂർ വിത്സൺ
00971 – 50 – 4149672
kuzhoor@gmail.com
സന്ദീപ് ഒലീവ്
0091 – 98951 02962
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

