യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ മുൻനിര ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനദാതാക്കളായ ലുലു എക്‌സ്‌ചേഞ്ചും അവരുടെ പ്രധാന റെമിറ്റൻസ് ആപ്പായ ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതോടെ, ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും എഎഫ്എയുടെ പ്രാദേശിക ഫിൻടെക് പങ്കാളികളായി മാറി.
2026-ലെ യുഎസ്, കാനഡ, മെക്‌സിക്കോ ലോകകപ്പ് വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും. ദുബായിൽ നടന്ന പങ്കാളിത്ത പ്രഖ്യാപന ചടങ്ങിൽ അർജന്റീനയുടെ ലോകകപ്പ് വിജയ പരിശീലകൻ ലയണൽ സ്‌കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, എഎഫ്എ അധികൃതർ എന്നിവർ പങ്കെടുത്തു.
ഈ ആഗോള സഹകരണം, 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഗ്രൂപ്പിന്റെ വിവിധ യൂണിറ്റുകളെ അതത് മേഖലകളിലെ ഔദ്യോഗിക എഎഫ്എ പങ്കാളികളാക്കും.ഇന്ത്യയിൽ ലുലു ഫോറെക്‌സും ലുലു ഫിൻസെർവുമാണ് എഎഫ്എയെ പ്രതിനിധീകരിക്കുക. ഏഷ്യയിൽ മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിക്ക് പങ്കാളിത്തമുണ്ട്.
അടുത്ത 12 മാസത്തിനുള്ളിൽ, ലുലു ഫിൻ ഗ്രൂപ്പിന്റെ ഉപയോക്താക്കൾക്ക് ഡിജിറ്റലായും 380-ലേറെ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകൾ വഴിയും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സര ടിക്കറ്റുകൾ, ഔദ്യോഗിക എഎഫ്എ ഉൽപ്പന്നങ്ങൾ, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങൾ എന്നിവയും ഈ പരിപാടികളിൽ ഉൾപ്പെടും.
അർജന്റീന ടീമിന്റെ വിജയം പ്രതീക്ഷയുടെയും സഹിഷ്ണുതയുടെയും സന്തോഷത്തിന്റെയും പ്രതീകമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. ലോകമെങ്ങുമുള്ള എഎഫ്എയുടെ വളർച്ചയിൽ ഈ പുതിയ പങ്കാളിത്തം നിർണായകമാണെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു.
ഇന്ത്യൻ സമൂഹത്തോടുള്ള സ്‌നേഹവും ടീമിനോടുള്ള ഇഷ്ടവും പ്രകടമാക്കിയാണ് ഈ സഹകരണം. ടീംവർക്കിന്റെ പ്രാധാന്യം പങ്കുവെച്ചുകൊണ്ട് അർജന്റീന ദേശീയ ടീമിന്റെ പുതിയ റീജിയണൽ സ്‌പോൺസർമാരായി ലുലു ഫിൻ കുടുംബത്തെ സ്വാഗതം ചെയ്യുന്നതായി എഎഫ്എയുടെ കൊമേഴ്സ്യൽ, മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു. മധ്യപൂർവദേശത്തും ഇന്ത്യയിലും അർജന്റീന ദേശീയ ടീമിന് ലഭിച്ച ശക്തമായ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

