ജീവകാരുണ്യ പ്രവർത്തന രംഗത്ത് കെഎംസിസി നടത്തുന്ന സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് ഇതെന്നും വടകര എംഎൽഎ കെ.കെ. രമ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി സൽമാനിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യസേവനം ലക്ഷ്യമിടുന്ന കെഎംസിസി, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലുകളിലൂടെയും ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങളിലൂടെയും സമൂഹത്തിന് വലിയ കൈത്താങ്ങാവുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹം നാടിനോടുള്ള ഉത്തരവാദിത്വം എങ്ങനെ നിർവ്വഹിക്കണമെന്ന് കെഎംസിസി പ്രവർത്തനങ്ങൾ തെളിയിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. പ്രത്യേകിച്ച് രക്തദാന ക്യാമ്പുകൾ പോലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണെന്നും ഇത്തരം മാതൃകാപരമായ നീക്കങ്ങൾ മറ്റ് സംഘടനകൾക്കും വലിയ പ്രചോദനമാണെന്നും അവർ അഭിപ്രായപ്പെട്ടു. സൽമാനിയ മെഡിക്കൽ സെന്ററിലെ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഇരുന്നൂറിലധികം സന്നദ്ധ പ്രവർത്തകരും രക്തദാതാക്കളും സജീവമായി പങ്കെടുത്തു.
ബഹ്‌റൈൻ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് എ.പി. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഭാരവാഹികളായ റഫീഖ് തോട്ടക്കര, സലീം തളങ്കര, സഹീർ കാട്ടാം വള്ളി, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് കാട്ടിലപ്പീടിക, നാസർ എസ്.കെ, ഹെൽത്ത് വിംഗ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി, ഒ.കെ. കാസിം, പി.കെ. ഇസ്ഹാഖ്, കെ.ആർ. ശിഹാബ്, അലി അഖ്ബർ, നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി എന്നിവർ സന്നിഹിതരായിരുന്നു. കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും ഹെൽത്ത് വിംഗ് ചെയർമാൻ എൻ.കെ. അബ്ദുൽ അസീസ് നന്ദിയും രേഖപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

