ഇന്ത്യൻ പാസ്‌പോർട്ട് സേവന ദാതാവായ ബിഎൽഎസിന് വിലക്ക്: പുതിയ കരാറുകൾ ഏറ്റെടുക്കരുത്

ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ പ്രധാന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിനെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ടെൻഡറുകളിൽ നിന്ന് വിലക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് വിലക്ക്. യുഎഇ, സൗദി അറേബ്യ, സ്പെയിൻ, യുഎസ് ഉൾപ്പെടെ 19 രാജ്യങ്ങളിലെ ഇന്ത്യൻ വിസ, പാസ്‌പോർട്ട് കേന്ദ്രങ്ങൾ നിലവിൽ കൈകാര്യം ചെയ്യുന്നത് ബിഎൽഎസ് ആണ്.

കമ്പനിക്കെതിരായ കേസുകളും അപേക്ഷകരിൽ നിന്നുള്ള പരാതികളും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ ഒമ്പതിന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഇന്ത്യൻ മിഷനുകൾ നൽകുന്ന പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ബിഎൽഎസിനെ വിലക്കിയിരിക്കുന്നത്. ഒക്ടോബർ 10-ന് കമ്പനിക്ക് ഉത്തരവ് ലഭിച്ചു. എന്നാൽ, നിലവിലുള്ള പദ്ധതികളെയും സർക്കാരുമായുള്ള കരാറുകളെയും ഈ വിലക്ക് ബാധിക്കില്ലെന്നും അവ നിലവിലെ നിബന്ധനകൾക്ക് വിധേയമായി തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഡൽഹി ആസ്ഥാനമായുള്ള ബിഎൽഎസ് ഇക്കാര്യം സ്ഥിരീകരിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് വിലയിരുത്തുകയാണെന്നും ഇത് പരിഹരിക്കുന്നതിന് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ, 19 രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾക്ക് വേണ്ടി വിസ, പാസ്‌പോർട്ട്, കോൺസുലാർ, ബയോമെട്രിക് സേവനങ്ങൾ ഉൾപ്പെടെ പ്രതിവർഷം 1.7 ദശലക്ഷത്തിലധികം അപേക്ഷകളാണ് ബിഎൽഎസ് കൈകാര്യം ചെയ്യുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply