അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് പ്രവാസലോകം കണ്ണീരോടെ വിടചൊല്ലി. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അസ്സാം (8), അയാഷ് (5) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം ദുബൈ ഖിസൈസിലെ സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി. അടുത്തടുത്ത ഖബറുകളിലായാണ് നാലുപേർക്കും അന്ത്യവിശ്രമമൊരുക്കിയത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് അബ്ദുൽ ലത്തീഫ് വീൽചെയറിൽ മക്കളുടെ ഖബറടക്ക ചടങ്ങുകൾക്കെത്തിയത് കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. അപകടത്തിൽ പരിക്കേറ്റ മകൾ ഇസ്സയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മരിച്ച കുട്ടികൾ പഠിച്ചിരുന്ന ദുബൈ അറബ് യൂണിറ്റി സ്കൂളിൽ തിങ്കളാഴ്ച സ്കൂൾ തുറന്ന വേളയിൽ എത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും ഈ വിയോഗം വലിയ ആഘാതമായി. പ്രിൻസിപ്പൽ മാർക്ക് പോലിറ്റ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഖബറടക്കി. ശനിയാഴ്ച പുലർച്ചെ ലിവ ഫെസ്റ്റിവൽ കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

