അഴീക്കോടിന്റെ ഒരുമ വിളിച്ചോതി ‘ഒരുമേന്റോണം’ ശ്രദ്ധേയമായി

പ്രഗത്ഭ വാഗ്മിയും എഴുത്തുകാരനുമായിരുന്ന സുകുമാർ അഴീക്കോടിന്റെ ജന്മദേശമായ കണ്ണൂരിലെ അഴീക്കോട്ടുകാരുടെ യുഎഇ കൂട്ടായ്മയായ ‘ഒരുമ അഴീക്കോട്’ സംഘടിപ്പിച്ച ‘ഒരുമേന്റോണം’ എന്ന ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ഷാർജ സെന്റർ മാളിൽ രാവിലെ മുതൽ വൈകീട്ട് വരെ നീണ്ടുനിന്ന പരിപാടികളോടെയാണ് ഒരുമയുടെ ഓണാഘോഷം അരങ്ങേറിയത്.

സംഘടനയുടെ പ്രസിഡന്റ് സുബീർ ആലാങ്കണ്ടി, സെക്രട്ടറി മുബീർ.കെ.കെ, ട്രഷറർ മധുസൂദനൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കോർ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ, ലസിത് കായക്കൽ, വിജയൻ ചേനമ്പേത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് മായാ ദിനേശിന്റെ ‘ഒറ്റ നക്ഷത്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മായാ ദിനേശ്, ബിജു.വി.സി, ലസിത് കായക്കൽ, സലാം പാപ്പിനിശ്ശേരി, സിറാജ് മൊയ്‌തീൻ, നിഷാന്ത്.വി, ദീപക് വി.കെ, സരിൻ.കെ എന്നിവർക്കുള്ള ഉപഹാരങ്ങൾ ഭാരവാഹികൾ സമ്മാനിച്ചു.

ഘോഷയാത്ര, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് തുടങ്ങിയ അഴീക്കോട്ടുകാരുടെ വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം, ഭാഗ്യരാജും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply