ദുബൈ യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടപ്പാക്കി വരുന്ന മൂന്നു മാസക്കാലത്തേയ്ക്കുള്ള മധ്യാഹ്ന വിശ്രമ നിയമം (ജൂൺ 15) ഇന്ന് മുതൽ പ്രാബല്യത്തിൽ.ഈ നിയമപ്രകാരം, ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചു. സെപ്റ്റംബർ 15 വരെയാണ് നിരോധനം
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, തുടർച്ചയായ 21-ാം വർഷമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്.യുഎഇയുടെ തൊഴിൽ മേഖലയിൽ ആഗോള ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, തൊഴിലാളികൾക്കുള്ള സുരക്ഷിതമായ പ്രവർത്തനപരിസരം ഉറപ്പാക്കുന്നതിനുമുള്ള സുസ്ഥിര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടി.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിവിധ കമ്പനികളിൽ സജീവ പരിശോധനകൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. തണലുള്ള വിശ്രമ ഇടങ്ങൾ, കുടിവെള്ളം, ഉപ്പ് കൂടിയ പാനീയങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, പ്രഥമ ശുശ്രൂഷാ കിറ്റുകൾ തുടങ്ങിയവയും കമ്പനി ഒരുക്കണം.
നിയമം ബാധകമല്ലാത്ത ജോലികൾ:
റോഡ് ടാറിടൽ, കോൺക്രീറ്റ് ജോലികൾ, അടിയന്തര സേവനങ്ങളിലുണ്ടാകുന്ന പണികൾക്ക് ഈ നിയമം ബാധകമല്ല. എന്നാൽ അത്യാവശ്യസേവനങ്ങൾ മാത്രമാണ് ഇളവ് ബാധകമായത് എന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമ ലംഘനത്തിന് പിഴ:
നിയമം ലംഘിച്ചാൽ കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതവും, ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരമാവധി 50,000 ദിർഹം വരെ പിഴയും ചുമത്തും. വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട് ചെയ്യാം:
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന നമ്പറിലോ, തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ വഴിയോ റിപ്പോർട്ട് ചെയ്യാം.