മലയാളി ഹജ്ജ്‌സംഘം ഇന്ന് യാത്രതിരിക്കും

മസ്‌കത്ത് സൂന്നി സെന്ററിന് കീഴിലുള്ള മലയാളി ഹജ്ജ് സംഘം ബുധനാഴ്ച യാത്ര പുറപ്പെടും. ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് യാത്ര സംഘം കൂടിയാണിത്. റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് കാലത്ത് പത്തു മണിക്കാണ് യാത്ര തിരിക്കുക. വിമാന മാർഗം നേരെ മദീനയിലേക്കാണ് പുറപ്പെടുക. മലയാളികളായ 52 പേരാണ് ഈ വർഷം ഹജ്ജ് ഗ്രൂപ്പിലുള്ളത്. ഏതാണ്ട് പത്തു വർഷത്തിന് ശേഷമാണ് ഇത്രയും മലയാളികളുമായി യാത്രാ സംഘം ഹജ്ജിന് പുറപ്പെടുന്നത്.

കഴിഞ്ഞ വർഷം മസ്‌കത്ത് സുന്നി സെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും അതിൽ മലയാളികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാൽ, ഈ വർഷം മലയാളികൾ മാത്രമാണ് സംഘത്തിലുള്ളത്. സക്കീർ ഹുസൈൻ ഫൈസിയാണ് യാത്രക്ക് നേതൃത്വം നൽകുന്നത്. സംഘം മുന്നു ദിവസം മദീനയിലും 12 ദിവസം മക്കയിലും തങ്ങും.ഹജ്ജ് യാത്ര സംഘടിപ്പിക്കാനായി നല്ല ഒരുക്കങ്ങളാണ് സുന്നി സെന്റർ നടത്തിയത്. ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് യാത്രക്കുള്ള നടപടികൾ ആരംഭിച്ചത് മുതൽ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാ സഹായങ്ങളും നൽകിയിരുന്നു. ഹജ്ജിന് അനുമതി ലഭിച്ചവർക്ക് ഏജന്റുമാരുമായി ബന്ധപ്പെടാനും എല്ലാവരെയും ഒരേ ഏജന്റുമാർക്ക് കീഴിൽ തന്നെയാക്കി ഏകീകരിക്കാനും സുന്നി സെന്ററിന് കഴിഞ്ഞു. ഇങ്ങനെ ഹജ്ജ് സെൽ ശ്രമിച്ചതു കൊണ്ടാണ് മലയാളികൾക്ക് ഒന്നിച്ച് യാത്ര തിരിക്കാൻ കഴിഞ്ഞത്. ഒമാനിൽനിന്ന് പോവുന്നവർക്ക് മുഖാബിൽ എന്ന പേരിൽ അറിയപ്പെടുന്ന ഹജ്ജ് ഏജന്റുമാർ വഴി മാത്രമാണ് ഹജ്ജിന് പുറപ്പെടാൻ കഴിയുക. ഹജ്ജിനായി യാത്രക്കാരെ ഒരുക്കാനായി അഞ്ചു ദിവസത്തെ പഠന ക്ലാസും ഒരു ദിവസത്തെ ഹജ്ജ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. മുഹമ്മദലി ഫൈസിയാണ് ക്ലാസുകളും ക്യാമ്പും നിയന്ത്രിച്ചത്. ഹജ്ജ് കർമങ്ങൾ സൂക്ഷ്മതയോടെയും സത്ത അറിഞ്ഞും അനുഷ്ഠിക്കാൻ ഈ ക്ലാസുകൾ സഹായകമാവുമെന്ന് സുന്നി സെന്റർ ഭാരവാഹികൾ പറഞ്ഞു. ഈ വർഷം 1400 പേരാണ് ഒമാനിൽനിന്ന് ഹജ്ജിന് പുറപ്പെടുന്നത്. ഇതിൽ 13,530 ഒമാനികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 470 വിദേശികൾക്കും ഹജ്ജിന് പോവാൻ അവസരം ലഭിച്ചിരുന്നു. ഇതിൽ 235 അറബ് രാജ്യങ്ങൾക്കുളളവർക്കാണ് അവസരം.

ബാക്കി 235 അവസരമാണ് ശേഷിക്കുന്ന എല്ലാ രാജ്യക്കാരുമായ വിദേശികൾക്കും ഉള്ളത്. ഇതിൽ 51 മലയാളികൾ സുന്നി സെന്ററിനൊപ്പമാണ് യാത്ര തിരിക്കുന്നത്.ഏറെ വർഷത്തിനുശേഷം മലയാളി ഹജ്ജ് സംഘം യാത്ര പുറപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെങ്കിലും നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ടെന്ന് സുന്നി സെന്റർ പ്രതിനിധി മുഹമ്മദലി ഫൈസി പറഞ്ഞു. വിദേശികൾക്ക് കുറഞ്ഞ ക്വാട്ട മാത്രം അനുവദിക്കുന്നതാണ് ഏറ്റവും പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഹജ്ജ് കാര്യാലയം അനുവദിക്കുന്ന ക്വോട്ട ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് ഏജന്റുമാർക്ക് വീതിച്ച് നൽകുകയാണ് ചെയ്യുക.ഇത്തവണ ഓരോ ഏജന്റിനും വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് അനുവദിച്ചത്. അതിനാൽ രണ്ട് ഏജന്റുമാരുമായി ധാരണയിലെത്തേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply